എന്തുകൊണ്ട് ധോനി..?കേട്ടു മടുത്ത ഈ ചോദ്യം ആളുകൾ എന്നോട് ചോദിച്ചുകൊണ്ടിരുന്നു.. പലരും പലവട്ടം ആവർത്തിച്ചു പറഞ്ഞു.."പണ്ട് ചെത്തിയെടുത്ത ഓലമടലും കയ്യിൽ പിടിച്ച് നടന്ന ഒന്നാം ക്ലാസുകാരനല്ല നീയിപ്പോൾ.. പ്രായവും പക്വതയും ആയി. സ്വന്തമായി ഒരു ജീവിതം നയിക്കാൻ ഇനി അധികം സമയമില്ല നിനക്ക്. കുറച്ചുംകൂടി വകതിരിവൊക്കെ ആകാം ഈ പ്രായത്തിൽ. ഇനിയും നിന്നെ വിട്ടുപോയിട്ടില്ലേ ഈ ക്രിക്കറ്റ് ഭ്രാന്ത്..?" എന്ന് ചിലർ.."കപിലും സച്ചിനും സൗരവും അടക്കിവാണ ഇന്ത്യൻ ക്രിക്കറ്റ്. ഗവാസ്കറേയും അസ്ഹറിനേയും സേവാഗിനെയും വിരാടിനേയും കാലക്രമേണ ആരാധിച്ചുവന്നു. ഇത്രയും മഹാരഥന്മാർ അരങ്ങുവാണ ഇന്ത്യൻ ക്രിക്കറ്റിൽ, നിനക്ക് ആരാധിക്കാൻ ധോനിയെ മാത്രമേ കിട്ടിയുള്ളോ..?" എന്ന് മറ്റു ചിലർ.ഞാൻ മറുപടിയായി അവരോട് തിരിച്ചൊരു ചോദ്യം ചോദിച്ചു.."നിങ്ങൾ എപ്പോഴെങ്കിലും ധോനിയെ സ്നേഹിച്ചിട്ടുണ്ടോ..? ഇല്ലെന്നറിയാം. കാരണം ഒരു തവണയെങ്കിലും മനസ്സറിഞ്ഞ് നിങ്ങൾ ധോനിയെ സ്നേഹിച്ചിട്ടുണ്ടെങ്കിൽ, മഹേന്ദ്രസിങ് ധോനി എന്ന കളിക്കാരനെ അറിയാൻ ശ്രമിച്ചിരുന്നുവെങ്കിൽ, നിങ്ങൾ എന്നോട് ഈ ചോദ്യം ചോദിക്കില്ലായിരുന്നു. നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്.. കപിൽ, സച്ചിൻ, സൗരവ്, കോഹ്‌ലി.. കരിയറിൽ യാതൊരുവിധ കറുത്ത പാടുകളും ഇല്ലാതിരുന്ന, നമ്മളുടെ മനസ്സ് കീഴടിക്കിയ മഹാരഥന്മാർക്കിടയിൽ ഞാൻ കണ്ടതും, ഇഷ്ടപ്പെട്ടതും, സ്നേഹിച്ചതും, ആരാധിച്ചതും ഇപ്പോൾ പൂജിക്കുന്നതും.. ക്രിക്കറ്റ് കരിയറിൽ വേണ്ടുവോളം വിവാദങ്ങൾ നേരിടേണ്ടി വന്ന, സ്വന്തം രാജ്യത്ത് തന്നെ ഒരുപാട് വിമർശകരും വിരോധികളും ഉള്ള സാക്ഷാൽ മഹേന്ദ്രസിങ് ധോനിയെയാണ്. ഒരുപാട് പേർക്ക് മുമ്പിൽ കീഴടങ്ങിയ മനസ്സാണ് എന്റേത്. എന്നാൽ എന്റെ ഹൃദയം കീഴടക്കിയ ഒരാൾ മാത്രമേ ഉള്ളൂ.. എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന ഒരാൾ മാത്രമേ ഉള്ളൂ.. അത് എന്റെ മഹിയാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ സ്വന്തം മഹേന്ദ്രസിങ് ധോനി..."വൈ ധോനി?" എന്ന് ചോദിച്ചവരോടൊക്കെ "വൈ നോട്ട് ധോനി?" എന്ന് തിരിച്ചുചോദിച്ചാണ് ശീലം. എന്നാൽ അവർക്ക് സ്വീകാര്യമായ, അവരുടെ മനസ്സിനെ തൃപ്തിപ്പെടുത്തുന്ന, വ്യക്തമായ ഒരു മറുപടി നൽകേണ്ട സമയമായി എന്ന് തോന്നി. ഇന്ത്യൻ ക്രിക്കറ്റ് സിംഹാസനം ഒരു ദശാബ്ദകാലത്തോളം അടക്കി വാണിട്ടും, ധോനിയെ ആരും "ചക്രവർത്തി"യായി ചിത്രീകരിച്ചിട്ടില്ല. ക്രിക്കറ്റിന്റെ സമസ്ത മേഖലകളിലും വസന്തം വിരിയിച്ച്, അസാധ്യം എന്ന് തോന്നിച്ച കൊടുമുടികൾ എല്ലാം തന്നെ കീഴടക്കിയിട്ടും, നാളിതുവരെ മഹേന്ദ്രസിങ് ധോനി ഒരു ഇതിഹാസമായി കരുതപ്പെട്ടിട്ടില്ല. എല്ലാവരുടേയും കണ്ണുകളിൽ എന്നും സച്ചിനായിരുന്നു ദൈവം, സൗരവായിരുന്നു മഹാരാജ... രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേൽര്തന ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും, ഇന്ത്യൻ കരസേനയിലെ ലഫ്റ്റനന്റ് കേണൽ പദവിയടക്കം നിരവധി ബഹുമതികളും കരസ്ഥമാക്കിയ ധോനിക്ക് ജനമനസ്സുകളിൽ, അർഹിച്ച സ്ഥാനം എന്നും നിഷേധിക്കപ്പെട്ടിരുന്നു. എന്നാൽ, വ്യക്തമായ കാരണങ്ങളോടെ, മറ്റൊരു താരത്തിനും അവകാശപ്പെടാനാകാത്ത പലതും നേടിയെടുത്ത ധോനിയെ നിങ്ങൾക്ക് അറിയില്ല, അല്ലെങ്കിൽ നിങ്ങൾ തിരിച്ചറിഞ്ഞില്ല. ആ മനുഷ്യനെ അറിയാൻ തുടങ്ങിയ ആദ്യത്തെ നാൾ മുതൽ അദ്ദേഹം എന്നെ വിസ്മയിപ്പിച്ചുകൊണ്ടിരുന്നു..1) എങ്ങനെയാണ് പന്ത് ബാറ്റിൽ തട്ടുന്നതിന് മുമ്പേ, ബാറ്റ്സ്മാൻ ലേറ്റ് കട്ടിന് ശ്രമിക്കുന്നു എന്ന് ധോനിക്ക് മനസ്സിലായത്? എങ്ങനെയാണ് ഞൊടിയിടയ്ക്കുള്ളിൽ വലംകാൽ ഗ്രൗണ്ടിന് സമാന്തരമായി ഉയർത്തി ബൗണ്ടറിയെ ലക്ഷ്യം വെച്ച പന്തിനെ അദ്ദേഹത്തിന് തടഞ്ഞുനിർത്താൻ കഴിഞ്ഞത്? ഈ മുപ്പത്തിയഞ്ചാം വയസ്സിലും, എങ്ങനെയാണ് പതിനാറുകാരന്റെ മെയ്വഴക്കം സൂക്ഷിക്കുന്നത്?2) കൊഴുത്ത ശരീരവും ലെഗ്പാഡുകൾ അണിഞ്ഞ കാലുകളും കൊണ്ട് ഒരു മനുഷ്യന് എങ്ങനെയാണ് ഇത്ര വേഗത്തിൽ ഓടാൻ സാധിക്കുന്നത്?2006ൽ, രണ്ട് അറ്റത്തെ ക്രീസുകൾക്കിടയിലെ 20 മീറ്റർ ദൂരം ധോനി താണ്ടിയത് വെറും 2.7 സെക്കൻഡിൽ. ഓർക്കുക, ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യൻ എന്ന ഖ്യാതിയുള്ള ഉസൈൻ ബോൾട്ട് ആദ്യ 20 മീറ്റർ പിന്നിടുന്നത് 2.8 സെക്കന്റിലാണ്.3) താരതമ്യേന വേഗത കുറഞ്ഞ പന്തിനെ മുന്നോട്ട് ചെന്ന് കൈക്കലാക്കി എങ്ങനെയാണ്, തിരിഞ്ഞു നോക്കാതെ തന്നെ വിക്കറ്റിലേക്ക് ശക്തിയായി ആഞ്ഞെറിഞ്ഞ് ക്രീസിലേക്ക് കുതിച്ചു പായുന്ന ബാറ്റ്സ്മാനെ പുറത്താക്കാൻ കഴിയുന്നത്?4) ദേശസ്നേഹം തുളുമ്പുന്ന വാക്കുകൾ.."ഞാൻ എന്റെ ഭാര്യയോട് പറഞ്ഞിട്ടുണ്ട്. എന്റെ മനസ്സിൽ മാതൃരാജ്യത്തിനും മാതാപിതാക്കൾക്കും ശേഷം മൂന്നാമത് ആയിരിക്കും അവളുടെ സ്ഥാനമെന്ന്..""കാണികൾക്ക് വേണ്ടി കളിക്കാതെ, രാജ്യത്തിന് വേണ്ടി കളിക്കുന്നത് കൊണ്ടായിരിക്കും ആളുകൾ എന്നെ വെറുക്കുന്നത്..""നിങ്ങളുടെ ജീവിതത്തിൽ ചില വ്യക്തികളോ ചില സംഭവങ്ങളോ നിങ്ങൾക്ക് ഒരു പ്രചോദനഘടകമായി തോന്നിയേക്കാം. എന്നെ സംബന്ധിച്ചിടത്തോളം എന്റെ രാജ്യമാണ് എന്റെ ഏറ്റവും വലിയ പ്രചോദനം..""ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം സൈന്യത്തിന്റെ ഭാഗമാവുക എന്നതാണ് എന്റെ ലക്ഷ്യം.."ലഫ്റ്റനന്റ് കേണൽ പദവി ലഭിച്ചതിന് ശേഷം ക്രിക്കറ്റ് മത്സരങ്ങൾക്കിടയിൽ ലഭിച്ച ഒഴിവുസമയങ്ങളിൽ കാശ്മീർ സന്ദർശിക്കുകയും ആയുദ്ധപരിശീലനം നേടുകയും ഹെലികോപ്റ്ററിൽ നിന്നുള്ള പാരാ ജംപിങ് അടക്കമുള്ള സാഹസിക പ്രകടനങ്ങളിൽ ഏർപ്പെടുകയും ഇന്ത്യൻ സൈന്യത്തിന്റെ യൂണിഫോമിന്റെ നിറമുള്ള ഗ്ലൗസുകളും കിറ്റുകളും ഉപയോഗിക്കുന്ന ഒരു കളിക്കാരനെ എന്ത് അടിസ്ഥാനത്തിലാണ് സമൂഹം വെറുക്കുന്നത്?5) തുടരെ ബൗണ്ടറികൾ പായിച്ചുകൊണ്ട് കടന്നാക്രമിച്ച ഷാഹിദ് അഫ്രീദി അടുത്ത പന്തിൽ ക്രീസിൽ നിന്നിറങ്ങി കളിക്കുമെന്ന് മനസ്സിലാക്കി ഒരു വൈഡ് ഡെലിവറി എറിയാൻ സച്ചിൻ തെണ്ടുൽക്കറോട് ആവശ്യപ്പെടുകയും അഫ്രീദിയെ സ്റ്റമ്പ് ചെയ്തു പുറത്താക്കുകയും ചെയ്ത ധോനിയെ മറന്നിട്ടില്ലല്ലോ?6) അലക്ഷ്യമായി വന്ന പന്തുകളെ ഇരുകൈകളും കൊണ്ട് ശക്തമായി ആഞ്ഞടിച്ച് സ്റ്റമ്പിൽ കൊള്ളിക്കുന്ന ശൈലി ഇതിന് മുമ്പ് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?7) ബാറ്റ്സ്മാന്മാനെ അതിവിദഗ്ധമായി കബളിപ്പിച്ചുകൊണ്ട് റണ്ണൗട്ട് ആക്കുകയും ക്രീസ് വിട്ടോടിയ ബാറ്റ്സ്മാന് പകരം ക്രീസിൽ നിന്നിറങ്ങിയ ബാറ്റ്സ്മാനെ എതിർ ദിശയിൽ റണ്ണൗട്ട് ആകുകയും ചെയ്യുന്ന രീതിയെ കുറിച്ച് കേട്ടിട്ടുപോലുമുണ്ടോ?8) ആദം ഗിൽക്രിസ്റ്റിലും മാർക്ക് ബൗച്ചറിലും മാത്രം കാണാറുള്ളതുപോലെ, ഇരുവശങ്ങളിലേക്കും ഡൈവ് ചെയ്ത് ഒരു കൈ കൊണ്ട് അനവധി ക്യാച്ചുകൾ എടുക്കാൻ ഇതിന് മുമ്പ് ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർക്ക് കഴിഞ്ഞിട്ടുണ്ടോ?9) തീ തുപ്പുന്ന ബൗൺസറുകൾക്ക് മുന്നിൽ മുട്ട് മടക്കാതെ നിവർന്നു നിന്ന്, അവയെ ശരീരം കൊണ്ട് തടഞ്ഞുനിർത്താൻ മാത്രം ചങ്കുറപ്പ് ഇതിനുമുമ്പ് ഏതെങ്കിലും ബാറ്റ്‌സ്മാൻ കാണിച്ചിട്ടുണ്ടോ?10) വിരമിക്കൽ ടെസ്റ്റ് കളിക്കുന്ന സഹതാരത്തിനെ ആദരിക്കാൻ ഇതിനുമുമ്പ് ആരെങ്കിലും ക്യാപ്റ്റൻസി സമ്മാനിച്ച ചരിത്രമുണ്ടോ?11) വളർത്തുമൃഗങ്ങളെ നെഞ്ചോട് ചേർത്ത് വെച്ച് പരിപാലിക്കുകയും ഒഴിവുസമയങ്ങളിൽ അവയുടെ സംഘടനകൾ സന്ദർശിക്കുകയും ചെയ്യുന്ന മഹേന്ദ്രസിങ് ധോനിയെന്ന മൃഗസ്നേഹിയെ നിങ്ങൾക്കറിയാമോ?12) മത്സരശേഷം ഗ്രൗണ്ട് സ്റ്റാഫുകളുടെ കൂടെ നിന്ന് ഫോട്ടോ എടുക്കുകയും കാവൽനായ്ക്കളെ ലാളിക്കുകയും ചെയ്യുന്ന, ധോനിയെ നിങ്ങൾ കണ്ടിട്ടുണ്ടോ?13) കളിക്കളത്തിൽ വെച്ച് കാലിടറിയ കളിക്കാരെ ആശ്വസിപ്പിക്കുകയും പ്രഥമ ശുശ്രൂഷയ്ക്ക് മുമ്പ് തന്നെ അവരുടെ വേദനയകറ്റാൻ സഹായിക്കുന്ന ധോനിയെന്ന മനുഷ്യസ്നേഹിയെ നിങ്ങൾക്ക് പരിചയമുണ്ടോ?14) ധോനിയുടെ കൂറ്റനടി കണ്ട് ബൗളറും അമ്പയറും നിലംപരിശരായത് നിങ്ങൾ ശ്രദ്ദിച്ചിട്ടുണ്ടോ?15) റൺനിരക്ക് 10ന് മുകളിൽ വേണ്ട സാഹചര്യങ്ങളിൽ 2 ബാറ്റുകൾ കയ്യിലേന്തി ധോനി പ്രാക്ടീസ് ചെയ്യുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ?16) മത്സരത്തിനിടെ കീപ്പിങ് ഗ്ലൗസുകളും ലെഗ്പാഡുകളും അഴിച്ചുവെച്ച് പന്ത് കയ്യിലെടുത്ത എത്ര വിക്കറ്റ്കീപ്പർമാരെ നിങ്ങൾക്കറിയാം?17) പത്രമാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് അനാഥാലയങ്ങളും ക്രിക്കറ്റ് ക്യാമ്പുകളും സന്ദർശിക്കുകയും അവർക്ക് വേണ്ട ധനസഹായം എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന ധോനിയിലെ സാമൂഹ്യപ്രവർത്തകനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?18) പണിതീരാത്ത സ്വന്തം വീടിന് നേരെ കല്ലെറിയുകയും തന്റെ കോലങ്ങൾ കത്തിക്കുകയും ചെയ്തവർക്കുള്ള മറുപടിയായി അതേ വർഷം ലോകകപ്പും കയ്യിലേന്തി നെഞ്ചും വിരിച്ച് നടന്ന നീളൻ മുടിക്കാരനെ ഓർമ്മയുണ്ടോ?19) വിക്കറ്റിനെ ലക്ഷ്യമാക്കി കാൽച്ചുവട്ടിൽ വന്നു പതിക്കുന്ന പന്തുകളെ ഗ്യാലറി കടത്തുന്ന കൈക്കരുത്തിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?20) അവസരങ്ങൾ സൃഷ്ടിച്ചെടുത്ത് മത്സരങ്ങൾ വിജയിപ്പിക്കാൻ കെൽപ്പുള്ള വിക്കറ്റ്കീപ്പറെ മറ്റെവിടെയെങ്കിലും കണ്ടതായി ഓർക്കുന്നുണ്ടോ?21) ക്രിക്കറ്റിന് പുറമേ ധോനി ഫുട്‌ബോളും ഗോൾഫും ബാഡ്മിന്റണും ടേബിൾ ടെന്നീസും കളിക്കുന്ന കാര്യം നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ?22) രക്തദാനം ചെയ്യാൻ കഴിയില്ല എന്ന കാരണത്താൽ ദേഹത്ത് ടാറ്റൂ പതിപ്പിക്കാൻ വിസമ്മതിച്ച ധോനിയെ നിങ്ങൾ ബഹുമാനിച്ചിട്ടുണ്ടോ?23) യുവതാരങ്ങൾക്ക് മുൻനിരയിൽ അവസരം നൽകി, അവസാന ഓവറുകളിൽ റൺ റേറ്റ് ഉയർത്താൻ സ്വയം താഴേക്കിറങ്ങി കളിച്ച ധോനിയുടെ സ്പോർട്സ്മാൻ സ്പിരിറ്റിനെ നിങ്ങൾ അഭിനന്ദിച്ചിട്ടുണ്ടോ?24) അരങ്ങേറ്റക്കാരന്റെ കയ്യിൽ ട്രോഫി കൊടുത്ത് പിൻ വശത്തുപോയി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന നായകൻ വേറെ ഏതെങ്കിലും രാജ്യത്ത് കണ്ടിട്ടുണ്ടോ?25) മാൻ ഓഫ് ദ മാച്ച് ആയി ലഭിച്ച ബൈക്കിൽ സഹതാരങ്ങളെയും കൊണ്ട് ഗ്രൗണ്ട് ചുറ്റിയ ധോനിയെന്ന "സ്വാർത്ഥനായ" ക്യാപ്റ്റനെ ഓർക്കുന്നുണ്ടോ?വിജയങ്ങൾ പിന്നിൽ നിന്നും ആസ്വദിക്കും. തോൽവികളെ മുന്നിൽ നിന്നും നേരിടും. വിജയക്കുതിപ്പ് തുടർന്ന ക്യാപ്റ്റൻ എന്ന നിലയിൽ അല്ല ഞാൻ ധോനിയെ മാതൃകയാക്കിയത്. ചാരത്തിൽ നിന്നും പറന്നുയരാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് എനിക്ക് ആവേശം പകർന്നത്. ഇന്ത്യൻ ടീമിൽ കളിക്കാൻ മഹാനഗരങ്ങളിൽ പിറക്കേണ്ട ആവശ്യമില്ല എന്ന് ഇന്ത്യൻ ജനതയെ വിശ്വസിപ്പിച്ച വ്യക്തി. ലോക ഒന്നാം നമ്പർ ബാറ്റ്‌സ്മാൻ ആകാൻ ക്ലാസിക് ഷോട്ടുകൾ ആവശ്യമില്ലെന്ന് തെളിയിച്ച വ്യക്തി. ഒരു ദശാബ്ദകാലത്തോളം ടോപ് 10 ബാറ്റിങ് റാങ്കിങ്ങിൽ നിലനിൽക്കാൻ ക്രിക്കറ്റ് അക്കാദമികളിൽ പഠിക്കേണ്ടതില്ലെന്ന് കാണിച്ചുതന്ന വ്യക്തി. ചങ്കുറപ്പുണ്ടെങ്കിൽ ഏത് വൻകരയിലും ലോകകപ്പുയർത്താം എന്ന് ബോധ്യപ്പെടുത്തിയ വ്യക്തി. ഇതിനെല്ലാം പുറമേ, സ്വന്തം മാതാപിതാക്കൾക്ക് ശേഷം എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തി. ഏത് പ്രതികൂല സാഹചര്യത്തിലും ആത്മവിശ്വാസം കൈവിടാതിരിക്കാൻ പഠിപ്പിച്ച വ്യക്തി. വിമർശനങ്ങളെ എങ്ങനെ അതിജീവിക്കാം എന്ന് പഠിപ്പിച്ച വ്യക്തി.തീർന്നില്ല...എന്റെ വ്യക്തിത്വം രൂപീകരിക്കുന്നതിന് തന്നെ കാരണം ആ മനുഷ്യനാണ്. സൗമ്യനായി പെരുമാറാൻ പഠിപ്പിച്ചു. പ്രകോപനങ്ങളോട് പ്രതികരിക്കാതിരിക്കാൻ പഠിപ്പിച്ചു. സാഹചര്യത്തിനനുകൂലമായി പ്രവർത്തിക്കാൻ പഠിപ്പിച്ചു. വിമർശനങ്ങൾക്ക് പോലും ഉന്മേഷം പകരാൻ സാധിക്കുമെന്ന് പഠിപ്പിച്ചു. അസാധ്യമായതിനെ സാധ്യമാക്കാൻ പഠിപ്പിച്ചു. റിസൾട്ടിൽ അല്ല, നൂറ് ശതമാനം ആത്മാർത്ഥതയിലാണ് വിജയം എന്ന് പഠിപ്പിച്ചു.വ്യക്തമായ തയ്യാറെടുപ്പുണ്ടെങ്കിൽ ചെയ്യുന്ന ഏത് കാര്യത്തിലും വിജയം സുനിശ്ചിതം എന്ന് ഞാൻ മനസ്സിലാക്കി. പരീക്ഷകളെ പേടിയില്ലാതെയായി. റിസൾട്ടിന്റെ ടെൻഷൻ അനുഭവിക്കാതെ വർഷങ്ങളായി. നിസ്സ്വാർത്ഥപരമായ സ്വയംസേവനമാണ് ജീവിതത്തിൽ ആവശ്യം എന്ന് ഞാൻ മനസ്സിലാക്കി. സൗഹൃദമാണ് ഏറ്റവും വലിയ സമ്പത്തെന്ന് ഞാൻ തിരിച്ചറിഞ്ഞു.ശരിയാണ്... ഞാൻ ധോനിയെ ആരാധിക്കുന്നതിനു പകരം അദ്ദേഹത്തെ പൂജിച്ചു. ഒരു ധോനി ആരാധകൻ ആകുന്നതിനു പകരം ഒരു ധോനി ഭക്തനായി. എന്റെ ഭക്തി അന്ധമായിരുന്നില്ല. മറിച്ച് തികഞ്ഞ ബോധ്യത്തോടെയുള്ളതായിരുന്നു. മയക്കുമരുന്നിനടിമപ്പെട്ടില്ല. പുകവലിയെ ലഹരിയാക്കിയില്ല. മദ്യപാനത്തിന്റെ അഗാധ ഗർത്തത്തിൽ ചെന്നുപതിച്ചിട്ടില്ല. കാരണം, അന്നും ഇന്നും, ഇനിയെന്നും മഹേന്ദ്രസിങ് ധോനി എന്ന മനുഷ്യനാണ് എന്റെ ലഹരി. ഞാനടക്കമുള്ള ക്രിക്കറ്റ് ആരാധകരെ ഇത്രമാത്രം സ്വാധീനിക്കുന്ന ഒരു മനുഷ്യനെ എന്തിന്റെ പേരിലാണ് മറ്റുള്ളവർ വെറുക്കുന്നത് എന്ന ചോദ്യം അപ്പോഴും ബാക്കി. മാതാ-പിതാ-ഗുരു ദൈവം എന്നല്ലേ പറയാറ്. എന്റെ ഗുരുസ്ഥാനീയനാണ് ധോനി. അതുകൊണ്ട് എനിക്ക് ദൈവതുല്യനാണ് ധോനി. ആ ഭക്തി ഇനിയും തുടരും .. മഹിയെന്ന വികാരം മഹാധമനിയിൽ ചുടുചോരയായി ഒഴുകുന്ന നാൾ വരെ.writer-dev anand.
0 comments:
Post a Comment