കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് പറയുന്നത് എത്ര ശരിയാണ്.

വൃദ്ധിമാൻ സാഹ കീപ്പർ ആയിരുന്നപ്പോൾ ആളുകൾ പറഞ്ഞു-ഇവൻ്റെ ബാറ്റിങ്ങ് പോര.പാർത്ഥിവ് പട്ടേൽ വരട്ടെ.ഒന്നോ രണ്ടോ ക്യാച്ചുകൾ പോയാലും സാരമില്ല. പട്ടേൽ വന്നപ്പോൾ ആളുകൾ പറയുന്നു-ഇവൻ്റെ കീപ്പിങ്ങ് പോര.ബാറ്റിങ്ങ് മോശമാണെങ്കിലും സാഹയായിരുന്നു നല്ലത്.മഹേന്ദ്രസിംഗ് ധോനി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കേണ്ടിയിരുന്നില്ല എന്ന് ചിലപ്പോൾ തോന്നാറുണ്ട്.ബാറ്റിങ്ങും കീപ്പിങ്ങും മോശമല്ലാതെ ചെയ്യുന്ന പരിചയസമ്പന്നനായ ഒരാളെ വിരാടിന് കിട്ടിയേനെ.ചരിത്രത്തിലെ ഏറ്റവും മികച്ച നായകരിൽ ഒരാളാണ് ധോനി എന്ന സത്യം അംഗീകരിച്ചുകൊണ്ടുതന്നെ പറയാം ; ഒാവർസീസ് ടെസ്റ്റുകളിൽ ധോനി ടീമിനെ നയിച്ച രീതിയിൽ പോരായ്മകളുണ്ടായിരുന്നു.അതുകൊണ്ട് നേതൃമാറ്റം അനിവാര്യവുമായിരുന്നു.പക്ഷേ ലിമിറ്റഡ് ഒാവർ ക്രിക്കറ്റിൽ ചെയ്തതുപോലെ ക്യാപ്റ്റൻസി ഒഴിഞ്ഞ് ഒരു കളിക്കാരനായി ധോനിയ്ക്ക് ടെസ്റ്റിൽ തുടരാമായിരുന്നു.ധോനി എന്ന ടെസ്റ്റ് ബാറ്റ്സ്മാൻ അത്ര മികച്ചവനായിരുന്നോ എന്ന് ചോദിക്കാം.ഏകദിന ക്രിക്കറ്റിൽ പുലർത്തിയ നിലവാരത്തോട് താരതമ്യം ചെയ്യുമ്പോൾ ടെസ്റ്റിൽ ധോനി പലപ്പോഴും നിരാശപ്പെടുത്തിയിട്ടുണ്ട് എന്നത് സത്യമാണ്.പേസും ബൗൺസും വിഷയമല്ലെങ്കിലും ലാറ്ററൽ മൂവ്മെൻ്റ് ധോനിയെ ബുദ്ധിമുട്ടിച്ചിരുന്നു.പക്ഷേ ടെസ്റ്റ് കരിയറിൻ്റെ അവസാനമാകുമ്പോഴേക്കും അതിനെ അതിജീവിക്കാൻ ധോനി ഒരു വഴി കണ്ടെത്തിയിരുന്നു.2014ലെ ഇംഗ്ലണ്ട് പര്യടനത്തിൽ അയാൾ നടത്തിയ ചില ഒറ്റയാൾ പോരാട്ടങ്ങൾ മറക്കാനാവില്ല.ധരംശാലയിൽ പന്ത് സ്വിംഗ് ചെയ്തപ്പോൾ പിടിച്ചുനിന്ന ഏക ഇന്ത്യൻ ബാറ്റ്സ്മാനും ധോനി ആയിരുന്നു.സോ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ധോനി കൂടുതൽ പ്രയോജനപ്പെട്ടേനെ.ഏതെങ്കിലുമൊരു ഫോർമാറ്റിൽ നിന്ന് വിരമിക്കണം എന്ന് ധോനിയ്ക്ക് നിർബന്ധമുണ്ടായിരുന്നെങ്കിൽ ടി20 തിരഞ്ഞെടുക്കാമായിരുന്നു.കൃത്യമായ ഇടവേളകളിൽ മികച്ച പ്രകടനങ്ങൾ ആ ഫോർമാറ്റിലും വരുന്നുണ്ടെങ്കിലുംസ്വാഭാവികത ഏതാണ്ട് നഷ്ടപ്പെട്ട മട്ടാണ്.പക്ഷേ ധോനിയ്ക്ക് എന്നും പ്രിയം കളർ ജഴ്സിയണിഞ്ഞ് കളിക്കാനായിരുന്നു.മനസ്സ് പറഞ്ഞതുപോലെ അയാൾ പ്രവർത്തിക്കുകയും ചെയ്തു.

0 comments:

Post a Comment