പൊലീസിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ -

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിന്‍റെ സഹോദരൻ ശ്രീജിവിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു.  ശ്രീജിവ് (27) മരിച്ച സംഭവത്തിൽ കുറ്റാരോപിതരായ  പൊലീസുകാർക്കെതിരെ നടപടി എടുക്കുന്നതിന് സ്റ്റേ ഏർപ്പെടുത്തിയത് നീക്കണമെന്നാണ് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിവിന്റെ അമ്മ പ്രമീള നൽകിയ ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്.  പൊലീസുകാര്‍ക്കെതിരെയുള്ള നടപടിക്ക് സ്റ്റേയുള്ളതിനാൽ കേസിന്റെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.  ശ്രീജിവിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിന് ഇത്രയും പ്രാധാന്യം കൈവന്ന സാഹചര്യത്തിൽ പൊലീസുകാർക്കെതിരെ നടപടി എടുക്കാതെ പറ്റില്ലെന്നും സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ വ്യക്തമാക്കി.  ശ്രീജീവിന്റെ മരണത്തില്‍ കുറ്റാരോപിതരായ പൊലീസുകാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പൊലീസ് കംപ്ലയിന്റ് അതോറിറ്റി വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവിനെതിരേ കുറ്റാരോപിതര്‍ കോടതിയില്‍ നിന്ന് സ്‌റ്റേ നേടുകയും ചെയ്‌തു. ഇത് നീക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കടതിയെ സമീപിച്ചിരിക്കുന്നത്.  കുറ്റാരോപിതരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നയം വ്യക്തമാക്കിയത്. കേസ് അടുത്ത ദിവസം കോടതി പരിഗണിക്കും.


0 comments:

Post a Comment