ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്. സച്ചിന്റെ നിര്‍ദേശപ്രകാരം മുംബൈ ട്വന്റി-20 ലീഗില്‍ കളിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതിനെ തുടര്‍ന്നാണ് അര്‍ജുന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. പുതിയ ബൗളിംഗ് ആക്ഷന്‍ പരുവപ്പെടുത്തിയെടുക്കുന്ന ശ്രമത്തിലാണ് അര്‍ജുനെന്നും മത്സര രംഗത്തേക്ക് ഇറങ്ങാന്‍ പതിനെട്ടുകാരനായ അര്‍ജുന്‍ ഇപ്പോള്‍ പ്രാപ്തനായിട്ടില്ലെന്ന കാരണത്താലാണ് ലീഗില്‍ ഇറങ്ങാത്തതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ ട്വന്റി-20യുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ സച്ചിനുമായി ചര്‍ച്ച ചെയ്തശേഷമാണ് അര്‍ജുന്റെ തീരുമാനം. ജനുവരിയിലാണ് അര്‍ജുന്‍ പുതിയ ബൗളിംഗ് ആക്ഷനിലേക്ക് തിരിഞ്ഞത്. പൂന സ്വദേശിയായ അതുല്‍ ഗെയ്ക്വാദിന്റെ ശിക്ഷണത്തിലാണ് പുതിയ ആക്ഷന്‍ പരിശീലിക്കുന്നത്. പുതിയ ആക്ഷനില്‍ അര്‍ജുന്‍ ശരിക്ക് ബൗളിംഗ് ചെയ്തുവരുന്നതേയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍. സമീപനാളില്‍ മികച്ച ഫോമിലായിരുന്ന അര്‍ജുന്‍ 2017-18 അണ്ടര്‍ 19 കൂച്ച് ബെഹര്‍ ട്രോഫിയില്‍ രണ്ട് അഞ്ച് വിക്കറ്റ് നേട്ടവും ഒരു നാലു വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിരുന്നു. ഐപിഎല്‍ മാതൃകയിലാണ് മുംബൈ ലീഗ് നടത്തുന്നത്. മുംബൈ ട്വന്റി-20യില്‍ ആറു ടീമുകളാണുള്ളത്. ഈ മാസം 11 മുതല്‍ 21വരെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

0 comments:
Post a Comment