ചെന്നൈ വീണ്ടും 'വീട്ടുമുറ്റത്ത്'... ആവേശം ഒപ്പം പ്രതിഷേധവും,



  ചെന്നൈ: ഐപിഎല്ലിലെ രണ്ടാംറൗണ്ട് മല്‍സരങ്ങള്‍ക്കു ചൊവ്വാഴ്ച രാത്രി തുടക്കമാവും. മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്്‌സുമാണ് ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ അങ്കം കുറിക്കുന്നത്. രണ്ടു വര്‍ഷം വിലക്കിനെ തുടര്‍ന്നു ഐപിഎല്ലില്‍ നിന്നും പുറത്തായ ശേഷം ചെന്നൈയുടെ തിരിച്ചുവരവ് കൂടിയാണ് ഐപിഎല്‍. രണ്ടു വര്‍ഷത്തിനു ശേഷം സിഎസ്‌കെ സ്വന്തം വീട്ടുമുറ്റത്ത് ആദ്യമായി തിരിച്ചെത്തുന്ന മല്‍സരമെന്ന പ്രത്യേകത കൂടി കളിക്കുണ്ട്.  ചെന്നൈയുടെ തിരിച്ചുവരവ് ആഘോഷിക്കാന്‍ ആരാധകര്‍ തയ്യാറെടുക്കുമ്പോള്‍ ഒരു ഭാഗത്ത് പ്രതിഷേധവും കത്തുന്നുണ്ട്. കാവേരി പ്രശ്‌നത്തില്‍ സംസ്ഥാനത്ത് പ്രതിഷേധപ്രകടനങ്ങള്‍ നടക്കവെ ചെന്നൈയുടെ ഹോം മാച്ചുകള്‍ സംസ്ഥാനത്തു നിന്നു മാറ്റണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മല്‍സരം നേരത്തേ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല വ്യക്തമാക്കുകയായിരുന്നു. കനത്ത സുരക്ഷയാണ് മല്‍സരത്തിന് ഒരുക്കിയിരിക്കുന്നത്.ആദ്യ മല്‍സരം ജയിച്ച് ഇരുടീമും ആദ്യ മല്‍സരത്തില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ചെന്നൈയും കൊല്‍ക്കത്തയും രണ്ടാംറൗണ്ടിലെ ആദ്യ പോരിനിറങ്ങുന്നത്. ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ ഒരു വിക്കറ്റിനണ് ചെന്നൈ മറികടന്നത്. തോറ്റെന്നു കരുതിയ കളിയില്‍ ഡ്വയ്ന്‍ ബ്രാവോയുടെ ഹീറോയിസം സിഎസ്‌കെയ്ക്കു ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു. അതേസമയം, കിരീട ഫേവറിറ്റുകളിലൊന്നായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ നാലു വിക്കറ്റിന്റെ അനായാസ ജയമാണ് ആദ്യ കളിയില്‍ കെകെആര്‍ നേടിയത്. പുതിയ ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തികിനു കീഴില്‍ കൊല്‍ക്കത്തയുടെ കന്നി മല്‍സരം കൂടിയായിരുന്നു ഇത്.  സ്റ്റേഡിയം മഞ്ഞയില്‍ മുങ്ങും ഐപിഎല്ലില്‍ ഏറ്റവുമധികം ആരാധകരുള്ള ടീമുകളിലൊന്നാണ് ചെന്നൈ. അതുകൊണ്ടു തന്നെ ഒരു ഇടവേളയ്ക്കു ശേഷമുള്ള ചെന്നൈയുടെ തിരിച്ചുവരവ് ആഘോഷിക്കാന്‍ ആരാധകര്‍ ഒരുങ്ങിക്കഴിഞ്ഞു. ചെപ്പോക്ക് സ്‌റ്റേഡിയം ഇന്ന് മഞ്ഞയില്‍ മുങ്ങുമെന്ന് ഉറപ്പാണ്. മല്‍സരത്തിന്റെ ടിക്കറ്റുകള്‍ വളരെ നേരത്തേ തന്നെ വിറ്റുതീര്‍ന്നിരുന്നു. ആരാധകര്‍ തലയെന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന എംഎസ് ധോണിക്കു കീഴില്‍ ജയത്തോടെ തന്നെ ഹോംഗ്രൗണ്ടിലേക്കുള്ള തിരിച്ചുവരവ് ചെന്നൈ ആഘോഷമാക്കി മാറ്റുമെന്നും ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നു.  മികച്ച റെക്കോര്‍ഡ് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയുള്ള ചെന്നൈയുടെ മികച്ച റെക്കോര്‍ഡും ആരാധകര്‍ക്കു പ്രതീക്ഷ നല്‍കുന്നതാണ്. ടൂര്‍ണമെന്റില്‍ ഇതുവരെ 16 മല്‍സരങ്ങളില്‍ ഏറ്റുുട്ടിയപ്പോള്‍ അതില്‍ 10ലും ജയം ചെന്നൈക്കായിരുന്നു.ആറെണ്ണത്തിലാണ് കൊല്‍ക്കത്തയ്ക്കു വിജയിക്കാന്‍ സാധിച്ചത്. ഹോംഗ്രൗണ്ടായ ചെപ്പോക്ക് സ്‌റ്റേഡിയത്തിലും കൊല്‍ക്കത്തയ്‌ക്കെതിരെ ചെന്നൈക്കു വ്യക്തമായ മുന്‍തൂക്കമുണ്ട്. ഇവിടെ കളിച്ച ഏഴു കളികളില്‍ അഞ്ചിലും ജയം ധോണിപ്പടയ്ക്കായിരുന്നു. രണ്ടെണ്ണത്തില്‍ മാത്രമാണ് കെകെആറിനു വിജയിക്കാന്‍ സാധിച്ചത്. കൊല്‍ക്കത്തയ്‌ക്കെതിരേ മാത്രമല്ല ഹോംഗ്രൗണ്ടില്‍ ചെന്നൈക്കു മറ്റു ടീമുകള്‍ക്കെതിരേയും മികച്ച റെക്കോര്‍ഡാണുളളത്. ഇവിടെ കളിച്ച 47 മല്‍സരങ്ങൡല്‍ 33ലും ജയം ചെന്നൈക്കായിരുന്നു. വെറും 14 കളികള്‍ മാത്രമാണ് സിഎസ്‌കെ കൈവിട്ടത്  മാറ്റങ്ങളുമായി ചെന്നൈ മുംബൈക്കെതിരായ ഉദ്ഘാടന മല്‍സരത്തില്‍ കളിച്ച ടീമില്‍ ചില മാറ്റങ്ങളുമായിട്ടാവും ചെന്നൈ ഇറങ്ങുക. പരിക്കേറ്റ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവിനു പകരം ഓപ്പണിങ് ബാറ്റ്‌സ്മാന്‍ കൂടിയായ സുരേഷ് റെയ്‌ന ടീമിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. ഇന്ത്യന്‍ പേസര്‍ ശര്‍ദ്ദുര്‍ താക്കൂറിനു പകരം മാര്‍ക്ക് വുഡും പ്ലെയിങ് ഇലവനിലെ്ത്തുമെന്നാണ് വിവരം. അതേസമയം, കൊല്‍ക്കത്ത ടീമില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാവാനിടയില്ല. ബാംഗ്ലൂരിനെതിരേ അനായാസ ജയം നേടിയ അതേ വിന്നിങ് കോമ്പിനേഷനെ തന്നെ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് നിലനിര്‍ത്തുമെന്നാണ് വിവരം.  പോരായ്മകള്‍ ഐപിഎല്ലില്‍ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ മികച്ച ബൗളിങ് ലൈനപ്പുള്ള ടീമുകളിലൊന്നായിരുന്നു കെകെആര്‍. എന്നാല്‍ ഈ സീസണിലെ ആദ്യ കളിയില്‍ കെകെആറിന്റെ ബൗളിങ് അത്ര പ്രതീക്ഷ നല്‍കുന്നതായിരുന്നില്ല. വെറ്ററന്‍ പേസര്‍ വിനയ് കുമാറിന്റെയും മറ്റു ബൗളര്‍മാരുടെയു പ്രകടനം ശരാശരിയില്‍ ഒതുങ്ങിയിരുന്നു. അതേസമയം, ബൗളിങ് തന്നെയാണ് ചെന്നൈയെയും അലട്ടുന്നത്. മികച്ച പേസ് ബൗളര്‍മാരുടെ അഭാവം ചെന്നൈ നിരയില്‍ പ്രകടമാണ്. ഹര്‍ഭജന്‍ സിങ് നയിക്കുന്ന സ്പിന്‍ ബൗളിങ് ശക്തമാണെങ്കിലും പേസ് ബൗളിങിനു വേണ്ടത്ര മൂര്‍ച്ചയില്ല.  ഇവരെ സൂക്ഷിക്കണം ആദ്യ മല്‍സരത്തില്‍ വെടിക്കെട്ട് അര്‍ധസ്വെറിയോടെ മിന്നിയ സുനില്‍ നരെയാണ് കൊല്‍ക്കത്ത നിരയിലെ ശ്രദ്ധിക്കേണ്ട താരം. ബൗളറായി വന്ന് ഇപ്പോള്‍ ടീമിന്റെ ഓപ്പണറായി മാറിയ നരെയ്‌നെ തുടക്കത്തില്‍ തന്നെ പുറത്താനായില്ലെങ്കില്‍ കൊല്‍ക്കത്തയെ പിടിച്ചുനിര്‍ത്തുക ചെന്നൈക്കു ദുഷ്‌കരമാവും. ആന്ദ്രെ റസ്സലാണ് കൊല്‍ക്കത്തയുടെ മറ്റൊരു തുറുപ്പുചീട്ട്. ക്യാപ്റ്റന്‍ കാര്‍ത്തികും കുട്ടി ക്രിക്കറ്റിലെ അപകടകാരിയായ താരമാണ്. അതേസമയം, വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയുടെ ഉദ്ഘാടന മല്‍സരത്തിലെ അവിശ്വസനീയ പ്രകടനം ചെന്നൈക്കു നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. ബ്രാവോ ഫോം തുടരുമെന്ന് തന്നെയാണ് ചെന്നൈ പ്രതീക്ഷിക്കുന്നത്. ആദ്യ കളിയില്‍ ക്ലിക്കാവാതിരുന്ന സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പം ക്യാപ്റ്റന്‍ ധോണിയും ചെന്നൈയുടെ തുറുപ്പുചീട്ടുകളാണ്.

0 comments:

Post a Comment