കുട്ടി ക്രിക്കറ്റിലും 'വല്ല്യേട്ടനാവാന്‍' കോലിക്കൂട്ടം... ഇനി ട്വന്റി20 വെടിക്കെട്ട് മത്സരങ്ങൾ തിയതി സമയം ടീം ഇവയൊക്കെയാണ്

ജൊഹാന്നസ്ബര്‍ഗ്: ഏകദിന പരമ്പര നേടി ചരിത്രം കുറിച്ച ടീം ഇന്ത്യക്ക് ആഘോഷിക്കാന്‍ അധികം സമയമില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയില്‍ ഞായറാഴ്ച ഇന്ത്യ വീണ്ടുമിറങ്ങുകയാണ്. മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ കളിയാണ് ഇന്ത്യന്‍ സമയം ഞായറാഴ്ച വൈകീട്ട് ആറു മണിക്ക് ആരംഭിക്കുന്നത്. ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റ ശേഷം ഏകദിനത്തില്‍ ഗംഭീര തിരിച്ചുവരവാണ് കോലിയും സംഘവും നടത്തിയത്. ആറു മല്‍സരങ്ങളുടെ പരമ്പര ദക്ഷിണാഫ്രിക്കയെ നിഷ്പ്രഭരാക്കി 5-1ന് ഇന്ത്യ പോക്കറ്റിലാക്കുകയായിരുന്നു. ഇതേ പ്രകടനം ട്വന്റിയിലും ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് സന്ദര്‍ശകര്‍  ഏകദിന പരമ്പരയില്‍ കളിയുടെ എല്ലാ മേഖലയിലും ദക്ഷിണാഫ്രിക്കയെ പിന്നിലാക്കുന്ന പ്രകടനമാണ് ഇന്ത്യ നടത്തിയത്. ബാറ്റിങിലും ബൗളിങിലുമെല്ലാം ഇന്ത്യ ആതിഥേയരെ നിഷ്പ്രഭരാക്കി. ക്യാപ്്റ്റന്‍ വിരാട് കോലി മൂന്നു സെഞ്ച്വറികളടക്കം 500ല്‍ കൂടുതല്‍ റണ്‍സാണ് ഏകദിന പരമ്പരയില്‍ വാരികൂട്ടിയത്. ബൗളിങില്‍ യുസ്‌വേന്ദ്ര ചഹല്‍- കുല്‍ദീപ് യാദവ് കോമ്പിനേഷനും വിക്കറ്റുകള്‍ വാരിക്കൂട്ടി.   ഏകദിന പരമ്പരയില്‍ കളിച്ച ടീമില്‍ ചില മാറ്റങ്ങളുമായാണ് ഇന്ത്യ ട്വന്റി20യില്‍ ഇറങ്ങുന്നത്. മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയുടെ തിരിച്ചുവരവാണ് ഇതില്‍ ശ്രദ്ധേയം. വലിയ ഇടവേളയ്ക്കു ശേഷം ദേശീയ ടീമില്‍ തിരിച്ചെത്തിയ റെയ്‌ന മികച്ച പ്രകടനത്തോടെ സ്ഥാനമുറപ്പിക്കാമെന്ന പ്രതീക്ഷയിലാണ്.ലോകേഷ് രാഹുല്‍, ജയദേവ് ഉനാട്കട്ട് എന്നിവരും ട്വന്റി പരമ്പരയ്ക്കുളള ടീമിലുണ്ട്. ഇരുവരും ഏകദിന പരമ്പരയില്‍ കളിച്ചിരുന്നില്ല.  ഏകദിന പരമ്പര ഇന്ത്യ 5-1ന് കൈക്കലാക്കിയെങ്കിലും മധ്യനിര ബാറ്റിങ് നിരയുടെ മോശം പ്രകടനം വിമര്‍ശിക്കപ്പെട്ടിരുന്നു. മുന്‍നിര താരങ്ങളുടെ ഇന്നിങ്‌സും ബൗളര്‍മാരുമാണ് ഇന്ത്യയുടെ ചരിത്ര വിജയത്തിനു ചുക്കാന്‍ പിടിച്ചത്. ഏകദിനതത്തില്‍ കളിച്ച അജിങ്ക്യ രഹാനെയ്ക്കു പകരം നാലാംനമ്പര്‍ ബാറ്റിങ് പൊസിഷനില്‍ ഇന്ത്യ ആരെയാണ് ഇറക്കുകയെന്ന് വ്യക്തമല്ല. റെയ്‌ന, മനീഷ് പാണ്ഡെ എന്നിവരിലൊരാള്‍ക്ക് നറുക്കുവീഴാനാണ് സാധ്യത. ഓപ്പണിങ് സ്ഥാനത്തേക്ക് രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവര്‍ക്കു വെല്ലുവിളിയുയര്‍ത്തി ലോകേഷ് രാഹുലുമുണ്ട്. എന്നാല്‍ ഏകദിനത്തില്‍ മിന്നിയ ഇരുവരെയും മാറ്റി റിസ്‌കെടുക്കാന്‍ ഇന്ത്യ തയ്യാറാവില്ലെന്നാണ് സൂചന.  ഏകദിന പരമ്പരയില്‍ യുവതാരം എയ്ഡന്‍ മര്‍ക്രാമാണ് ദക്ഷിണാഫ്രിക്കയെ നയിച്ചതെങ്കില്‍ ട്വന്റിയില്‍ ഓള്‍റൗണ്ടര്‍ ജെപി ഡുമിനിയാണ് ക്യാപ്റ്റന്‍. ഏകദിനത്തില്‍ കളിച്ച ടീമില്‍ ചില മാറ്റങ്ങളുമായാണ് ആതിഥേയര്‍ ഇറങ്ങുക. കാഗിസോ റബാദ, മോര്‍നെ മോര്‍ക്കല്‍, ലുംഗി എന്‍ഗിഡി എന്നീ ദക്ഷിണാഫ്രിക്കയുടെ മുന്‍നിര പേസര്‍മാരൊന്നും ട്വന്റി ടീമില്‍ ഇല്ല. ഹാഷിം അംല, മര്‍ക്രാം എന്നിവരും ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കില്ല. പകരം കൂടുതല്‍ യുവതാരങ്ങളെ ഇഉള്‍പ്പെടുത്തിയാണ് ആതിഥേയര്‍ ഇറങ്ങുന്നത്. മൂന്നു പുതുമുഖങ്ങളും ആതിഥേയ നിരയിലുണ്ട്.  ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, യുസ്‌വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക്, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ലോകേഷ് രാഹുല്‍, സുരേഷ് റെയയ്‌ന, ശര്‍ദ്ദുല്‍ താക്കൂര്‍, ജയദേവ് ഉനാട്കട്ട്. ദക്ഷിണാഫ്രിക്ക: ജെപി ഡുമിനി (ക്യാപ്റ്റന്‍), ഫര്‍ഹാന്‍ ബെഹര്‍ജിന്‍, ജൂനിയര്‍ ഡാല, എബി ഡിവില്ലിയേഴ്സ്, റീസ ഹെന്‍ഡ്രിക്സ്, ക്രിസ്റ്റ്യന്‍ ജോങ്കര്‍, ഹെന്റിച്ച് ക്ലാസെന്‍, ഡേവിഡ് മില്ലര്‍, ക്രിസ് മോറിസ്, ഡ്യുന്‍ പാറ്റേഴ്സന്‍, ആരോണ്‍ ഫാംഗിസോ, ആന്‍ഡില്‍ ഫെലുക്വായോ, തബ്രെയ്സ് ഷംസി, ജെജെ സ്മട്ട്സ്. 


0 comments:

Post a Comment