കിങ്‌സ് ഇലവന്‍ മദ്രാസെന്നാക്കൂ’;നായകനാക്കിയതിനെതിരെ ആരാധകരുടെ പ്രതിഷേധം

മൊഹാലി: 2018 ലെ ഐ.പി.എല്‍ സീസണ്‍ താരലേലത്തിന്റെ സമയത്തുതന്നെ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട ടീമാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ്. ഒരുപിടി മികച്ച താരങ്ങളെ ലേലത്തില്‍ സ്വന്തമാക്കിയ പ്രീതി സിന്റയും സംഘവും തങ്ങളുടെ നായകനെ പ്രഖ്യാപിച്ചതോടെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.  പഞ്ചാബ് ടീമിന്റെ മെന്ററായാണ് സെവാഗാണ് ടീമിന്റെ നായകനെ പ്രഖ്യാപിച്ചിരുന്നത്. ഡേവിഡ് മില്ലറും യുവരാജ് സിങ്ങും, ആരോണ്‍ ഫിഞ്ചുമുള്ള പഞ്ചാബില്‍ പക്ഷെ ക്യാപ്റ്റനായി തെരഞ്ഞെടുത്തിരിക്കുന്നത് അശ്വിനെയാണ്. ഐ.പി.എല്ലിന്റെ ആദ്യ സീസണില്‍ പഞ്ചാബിനെ നയിച്ച യുവരാജ് വീണ്ടും പഞ്ചാബിന്റെ നായകനാകുമെന്നായിരുന്നു ആരാകര്‍ പ്രതീക്ഷിച്ചിരുന്നത്.ആദ്യ സീസണില്‍ പഞ്ചാബിനെ താരം സെമിഫൈനല്‍ വരെ എത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് പഞ്ചാബിനു ടൂര്‍ണ്ണമെന്റില്‍ കാര്യമായൊന്നും നേടാന്‍ കഴിഞ്ഞിരുന്നില്ല. പഞ്ചാബ് സ്വദേശിയായ യുവരാജ് ടീമിലുണ്ടാകുമ്പോള്‍ മറ്റൊരു താരത്തെയും ആരാധകര്‍ നായക പദവിയില്‍ പ്രതിക്ഷിച്ചിരുന്നില്ലെന്നാണ് നായക പ്രഖ്യാപനത്തിനു പിന്നാലെയുള്ള പ്രതിഷേധങ്ങളില്‍ നിന്നു വ്യക്തമാകുന്നത്.  നായകനെ പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതിഷേധവുമായി രംഗത്തെത്തിയ ആരാധകര്‍ ഫ്രാഞ്ചൈസികളോട് ടീമിന്റെ പേരുമാറ്റാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കിങ്‌സ് ഇലവന്‍ പഞ്ചാബെന്നത് കിങ്‌സ് ഇലവന്‍ മദ്രാസെന്നാക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.  ബൗളര്‍മാര്‍ ടീമിനെ നയിക്കുന്നത് നല്ലതാണെന്നാണ് തനിക്ക് തോന്നുന്നതെന്നും അതാണ് അശ്വിനെ തെരഞ്ഞെടുക്കാന്‍ കാരണമെന്നുമായിരുന്നു സെവാഗ് നേരത്തെ നായകനെ തെരഞ്ഞെടുക്കാനുള്ള കാരണമായി പറഞ്ഞിരുന്നത്.  ‘ബൗളര്‍മാര്‍ ക്യാപറ്റനാകണം. കപില്‍ ദേവിന്റെയും വസീം അക്രത്തിന്റെയും വഖാര്‍ യൂനിസിന്റെയും ആരാധകനാണ് ഞാന്‍. അവരെല്ലാം മികച്ച ബൗളര്‍മാരാണ്. അതോടൊപ്പം മികച്ച നായകരും.’  അശ്വിന് ടീമിനെ മികച്ച രീതിയില്‍ നയിക്കാന്‍ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് സെവാഗ് പറഞ്ഞു. പഞ്ചാബിനെ ഫൈനലിലെത്തിക്കാന്‍ അശ്വിന്റെ ക്യാപ്റ്റന്‍സിക്കു കീഴില്‍ കഴിയുമെന്നും സെവാഗ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു. 


0 comments:

Post a Comment