കഴിഞ്ഞ ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും തമ്മില്‍ ഓക്ലാന്‍ഡില്‍ നടന്ന ടി20 മത്സരം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തുന്നുണ്ട്. കാരണമെന്താണെന്നല്ലേ, ഓസ്‌ട്രേലിയയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച്ച വെച്ച യുവതാരം ഡാര്‍സി ഷോര്‍ട്ട് ആദ്യമായി ഇത്തവണ ഐ പി എല്ലിനെത്തുന്നു. രാജസ്ഥാന്‍ റോയല്‍സാണ് താരത്തെ ലേലത്തിലൂടെ സ്വന്തമാക്കിയത്.കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 243 റണ്‍സാണ് അടിച്ച് കൂട്ടിയത്. എന്നാല്‍ ഡാര്‍സി ഷോര്‍ട്ടിന്റെയും ഡേവിഡ് വാര്‍ണറുടെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ ഓസ്‌ട്രേലിയ ഈ ലക്ഷ്യം അനായാസം മറികടന്നു. വാര്‍ണര്‍ 24 പന്തില്‍ 59 റണ്‍സെടുത്തപ്പോള്‍ ഷോര്‍ട്ട് 44 പന്തില്‍ 76 റണ്‍സാണ് നേടിയത്.ഇപ്പോഴിതാ, ഇന്ത്യയില്‍ രാജസ്ഥാന് വേണ്ടി കളിക്കുന്നതിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ഈ 27കാരന്‍. ‘ ഐ പി എല്ലില്‍ കളിക്കുന്നതിനെ കുറിച്ച് വലിയ ആവേശത്തിലാണ്, ആദ്യമായാണ് ഇന്ത്യയില്‍ കളിക്കാനുള്ള അവസരം ലഭിക്കുന്നത്, അവിടുത്തെ ജനങ്ങളെ കുറിച്ച് സംസ്‌കാരത്തെ കുറിച്ചും പഠിക്കണമെന്നുണ്ട്, സ്റ്റീവ് സ്മിത്ത്, അജിങ്ക്യ രഹാനെ, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്ട്‌ലര്‍ തുടങ്ങിയ താരങ്ങളില്‍ നിന്നും ഒരുപാട് അറിവുകള്‍ നേടാനുണ്ട്,’ – ഷോര്‍ട്ട് പറഞ്ഞു.അടുത്തിടെ അവസാനിച്ച ബിഗ്ബാഷ് ക്രിക്കറ്റ് ലീഗിലും ഷോര്‍ട്ട് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ച വെച്ചത്. 11 കളികളില്‍ നിന്ന് 572 റണ്‍സാണ് ഷോര്‍ട്ട് അടിച്ച് കൂട്ടിയത്. ടൂര്‍ണ്ണമെന്റിലെ മികച്ച താരവും ഷോര്‍ട്ടായിരുന്നു. എന്തായാലും ഈ യുവതാരത്തെ രാജസ്ഥാന്‍ ജേഴ്‌സിയില്‍ കാണാനുള്ള ആവേശത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍.

0 comments:
Post a Comment