പോരാട്ടങ്ങള്‍ക്കു വിട, പോര്‍ഭൂമി വിടാന്‍ യുവരാജാവ്!!

മൊഹാലി: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളെന്നു വിശേഷിപ്പിക്കപ്പെടുന്ന യുവരാജ് സിങ് കളി നിര്‍ത്തുന്നതിനെക്കുറിച്ച് സൂചന നല്‍കി. കളിക്കളത്തിലും ജീവിതത്തിലും ഒരുപോലെ പോരാളിയായി മാറിയ യുവിയെപ്പോലെ ആരാധകര്‍ നെഞ്ചിലേറ്റിയ അധികം താരങ്ങളില്ല.  ഒരോവറിലെ ആറു പന്തുകളും സിക്‌സറിലേക്കു പറത്തി റെക്കോര്‍ഡിട്ട യുവി പിന്നീട് ജീവനു തന്നെ ഭീഷണിയായ അര്‍ബുദത്തെയും ഗാലറിയിലേക്ക് അടിച്ചുപറത്തി ക്രിക്കറ്റിലേക്ക് തിരിച്ചുവന്നപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ രണ്ടു കൈയും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ തിരിച്ചുവരവില്‍ തന്റെ പഴയ ഫോമിലേക്ക് ഉയരാന്‍ സാധിക്കാതിരുന്ന യുവിക്ക് ദേശീയ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ വിരമിക്കലിനെക്കുറിച്ചുള്ള സൂചനകളാണ് സൂപ്പര്‍ താരം നല്‍കുന്നത്.  അവസാന മല്‍സരം 2017ല്‍ 2017 ജൂണിലാണ് യുവരാജ് അവസാനമായി ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ കളിച്ചത്. പിന്നീട് ടീമിനു പുറത്തായ അദ്ദേഹത്തിന് ഇതുവരെ മടങ്ങിയെത്താന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും കുറച്ചു മല്‍സരങ്ങളില്‍ കൂടി രാജ്യത്തിനു വേണ്ടി കളിക്കാന്‍ കഴിയുമെന്ന് തന്നെയാണ് യുവി വിശ്വസിക്കുന്നത്.  പ്രതീക്ഷ ഐപിഎല്ലില്‍ വരാനിരിക്കുന്ന ഐപിഎല്ലിലാണ് തന്റെ മുഴുവന്‍ പ്രതീക്ഷയുമെന്ന് യുവി പറയുന്നു. തന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ടൂര്‍ണമെന്റാണിത്. 2019ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്താന്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വിശദമാക്കി.  തീരുമാനം 2019ല്‍ പ്രഖ്യാപിക്കും 2019വരെ ക്രിക്കറ്റില്‍ തുടരാന്‍ തന്നെയാണ് തന്റെ തീരുമാനമെന്നു യുവി വ്യക്തമാക്കി. കളി നിര്‍ത്തുന്നതിനെക്കുറിച്ച് 2019ല്‍ പ്രഖ്യാപിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു  2011 വരെ സുവര്‍ണകാലം യുവിയുടെ കരിയറിലെ സുവര്‍ണകാലം 2011 വരെയായിരുന്നു. നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ലോകകിരീടത്തിലേക്ക് നയിക്കുന്നതില്‍ താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും യുവിക്കായിരുന്നു. ലോകകപ്പിനു ശേഷമാണ് അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് താഴേക്ക് വീണത്  വില്ലനായി അസുഖം ലോകകപ്പിനു ശേഷം ശ്വാസനാളത്തിനു അര്‍ബുദം പിടിപെട്ടതിനെ തുടര്‍ന്ന് യുവി ക്രിക്കറ്റില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു. ഒരു വര്‍ഷത്തോളം നീണ്ട ചികില്‍സയ്ക്കു ശേഷം അര്‍ബുദത്തെ കീഴടക്കി യുവി കളിക്കളത്തിലേക്ക് മടങ്ങിയെത്തി. 2012ല്‍ ശ്രീലങ്കയില്‍ നടന്ന ട്വന്റി20 ലോകകപ്പില്‍ താരം കളിച്ചെങ്കിലും തന്റെ പഴയ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല  ടെസ്റ്റ് ടീമില്‍ സ്ഥാനമുറപ്പിക്കാനായില്ല ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിയാത്തതില്‍ തനിക്ക് ഇപ്പോഴും വിഷമമുണ്ടെന്ന് യുവി വെളിപ്പെടുത്തി. കരിയറിലെ ആദ്യ ആറ്-ഏഴ് വര്‍ഷം മികച്ച ഫോമിലായിരുന്നിട്ടും ടെസ്റ്റില്‍ അവസരങ്ങള്‍ കുറവായിരുന്നു. ഇതിഹാസ താരങ്ങളുടെ വലിയൊരു നിര തന്നെ അക്കാലത്ത് ഇന്ത്യക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ തന്നെ തേടി അവസരങ്ങള്‍ വന്നതുമില്ലെന്നും യുവി നിരാശയോടെ പറയുന്നു  കോലിയെ അഭിനന്ദിച്ചു ദക്ഷിണാഫ്രിക്കയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഇന്ത്യന്‍ ടീമിനെയും ക്യാപ്റ്റന്‍ വിരാട് കോലിയെയും യുവി അഭിനന്ദിച്ചു. ടെസ്റ്റ് പരമ്പരയില്‍ തോറ്റ ശേഷം ഗംഭീര തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. ടെസ്റ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെങ്കില്‍ ഏകദിനത്തില്‍ ഇന്ത്യ ആധികാരികമായി ജയിച്ചു കയറുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി


0 comments:

Post a Comment