ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം

ഡര്‍ബന്‍: ഇന്ത്യക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകളിലെ തോല്‍വിക്കു ശേഷം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം വീണ്ടുമിറങ്ങി. ഇത്തവണ ഓസ്‌ട്രേലിയയാണ് എതിരാളികള്‍. ഓസീസിനെതിരായ നാലു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മല്‍സരം ഡര്‍ബനില്‍ ആരംഭിച്ചു. ആദ്യം ബാറ്റ് ചെയ്യുന്ന ഓസീസ് ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ മൂന്നു വിക്കറ്റിന് 95 റണ്‍സെന്ന നിലയിലാണ്. 24 റണ്‍സോടെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ക്രീസിലുള്ളത്.ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ (51) വിക്കറ്റാണ് ഓസീസിന് അവസാനമായി നഷ്ടമായത്. വാര്‍ണറെ കൂടാതെ കാമറണ്‍ ബാന്‍ക്രോഫ്റ്റ് (5), ഉസ്മാന്‍ കവാജ (14) എന്നിവരുടെ വിക്കറ്റുകളാണ് കംഗാരുപ്പടയ്ക്കു നഷ്ടമായത്. 79 പന്തില്‍ ആറു ബൗണ്ടറികളോടെയാണ് 51 റണ്‍സെടുത്ത് വാര്‍ണര്‍ ടീമിന്റെ ടോപ്‌സ്‌കോററായത്.രണ്ടു വിക്കറ്റെടുത്ത വെര്‍ണോണ്‍ ഫിലാന്‍ഡറാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. കാഗിസോ റബാദയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ചില മല്‍സരങ്ങളും ട്വന്റി20 പരമ്പര പൂര്‍ണമായും നഷ്ടമായ ക്യാപ്റ്റന്‍ ഫഫ് ഡു പ്ലെസി, എബി ഡിവില്ലിയേഴ്‌സ്, ക്വിന്റണ്‍ ഡികോക്ക് എന്നിവരെല്ലാം ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിരിച്ചെത്തിയിട്ടുണ്ട്.


0 comments:

Post a Comment