ക്യാപ്റ്റന് പിന്നാലെ മറ്റൊരു സര്‍പ്രൈസുമായി പഞ്ചാബ്

കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നായക സ്ഥാനത്തേക്ക് രവിചന്ദ്ര അശ്വിനെ പ്രഖ്യാപിച്ചത് ഐപിഎല്‍ പ്രേമികള്‍ക്ക് കിടുക്കന്‍ സര്‍പ്രൈസ് ആയിരുന്നു. യുവരാജ് സിംഗ് നായനാകുമെന്ന് കരുതിയിരുന്നപ്പോളാണ് ആ സ്ഥാനം അശ്വിന്റെ കൈയ്യിലെത്തിയത്. പണം നോക്കാതെ താരങ്ങളെ തങ്ങളുടെ കോട്ടയിലെത്തിക്കുന്ന പഞ്ചാബ് തങ്ങളുടെ പരിശീലക സംഘത്തിലും സൂപ്പര്‍ താരങ്ങളെ എത്തിച്ച് ശ്രദ്ധ നേടുകയാണ്.ഏറ്റവും ഒടുവിലായി ടീമിലെത്തിയിരിക്കുന്നത് മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കിടേഷ് പ്രസാദാണ്. ടീമിന്റെ ബൗളിങ്ങ് പരിശീലകനായാണ് വെങ്കിടേഷ് പ്രസാദിന്റെ പഞ്ചാബ് പ്രവേശനം. ദേശീയ ജൂനിയര്‍ സെലക്ടര്‍ സ്ഥാനം രാജിവെച്ചതിനു തൊട്ടുപിന്നാലെയാണ് വെങ്കിടേഷ് പ്രസാദ് ടീമുമായി കരാറിലേര്‍പ്പെട്ടത്. മുന്‍ ഓസീസ് താരം ബ്രാഡ് ഹോഡ്ജാണ് പഞ്ചാബിന്റെ മുഖ്യ പരിശീലകന്‍. അടുത്ത മൂന്നു സീസണുകളിലേക്കാണ് ടീം ഹോഡ്ജുമായി കരാറില്‍ ഏര്‍പ്പെട്ടത്. ടീം മെന്റര്‍ സെവാഗിന്റെയും സംഘത്തിന്റെയും പിന്‍ബലത്തില്‍ പഞ്ചാബ് ഇത്തവണ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമായി മാറുമെന്നാണ് ഹോഡ്ജ് പറയുന്നത്.യുവരാജ് സിംഗ്, ആരോണ്‍ ഫിഞ്ച്, ക്രിസ് ഗെയ്ല്‍, കെ എല്‍ രാഹുല്‍, അശ്വിന്‍, അക്സര്‍ പട്ടേല്‍ തുടങ്ങി മികച്ച താരങ്ങളുള്ള ടീം മികച്ച പരിശീലക സംഘത്തെയും ടീമിനൊപ്പമെത്തിച്ചിട്ടുണ്ട്. മിഥുന്‍ മന്‍ഹാസ് ടീമിന്റെ സഹ പരിശീലകനായി എത്തിയപ്പോള്‍, നിഷാന്ത് താക്കൂര്‍, ശ്യാമള്‍ വല്ലാബ്ജി, നിഷാന്ത ബോര്‍ദൊലൊയ് തുടങ്ങിയവരും പരിശീലക സംഘത്തിലുണ്ട്. എല്ലാത്തിലുമുപരി സെവാഗ് തന്നെയാണ് ടീമിന്റെ എനര്‍ജി. അടുത്ത മാസം ഏഴിനാണ് ഐപിഎല്‍ പൂരത്തിന് കൊടി ഉയരുക. മുംബൈയും ചെന്നൈയും തമ്മിലാണ് ആദ്യ മത്സരം. എട്ടിന് ഡല്‍ഹിയുമായിട്ടാണ് പഞ്ചാബിന്റെ ആദ്യ മത്സരം.




0 comments:

Post a Comment