സെഞ്ച്വറികള്‍ നേടുന്നത് എങ്ങിനെ?; വിരാട് കോലിയുടെ വെളിപ്പെടുത്തല്‍



ബെംഗളുരു: പ്രായം കേവലം 29 മാത്രമേ ആയിട്ടുള്ളൂ എങ്കിലും ഇന്ത്യയുടെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലിയുടെ അന്താരാഷ്ട്ര സെഞ്ച്വറികളുടെ എണ്ണം 56 ആണ്. ലോകത്തെ ഏതൊരു ക്രിക്കറ്ററെയും അസൂയപ്പെടുത്തുന്ന മാസ്മരിക ബാറ്റിങ് പ്രകടനമാണ് അടുത്തകാലത്തായി കോലി കാഴ്ചവെക്കുന്നത്.  സെഞ്ച്വറികള്‍ നേടുന്ന രീതിപോലും ഇതര ബാറ്റ്‌സ്മാന്‍മാര്‍ക്ക് അത്ഭുതമാണ്. എന്നാല്‍, റെക്കോര്‍ഡുകളും സെഞ്ച്വറികളുമൊന്നു തനിക്ക് യാതൊന്നും തരുന്നില്ലെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ വിശദീകരണം. ഇന്ത്യ ജയിക്കുക മാത്രമാണ് തന്റെ ലക്ഷ്യം. ആ ലക്ഷ്യം വെച്ചാണ് കളിക്കളത്തിലെ പ്രകടനമെന്നും കോലി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.എങ്ങിനെയാണ് ബുദ്ധിമുട്ടേറിയ സെഞ്ച്വറികള്‍ നേടുന്നത് എന്ന ചോദ്യത്തിന് വളരെ ലളിതമായിരുന്നു ഉത്തരം. സെഞ്ച്വറികള്‍ തനിക്കൊരിക്കലും വിഷമകരമല്ലെന്ന് കോലി വ്യക്തമാക്കി. 50 ഓവറും ബാറ്റു ചെയ്യുക എന്നതാണ് താന്‍ ലക്ഷ്യമാക്കുന്നത്. സ്‌കോര്‍ പിന്തുടരുമ്പോള്‍ ടീം ജയിക്കുന്നതുവരെ ക്രീസിലുണ്ടാകണമെന്നും ആഗ്രഹിക്കും. വ്യക്തിഗത സ്‌കോറുകള്‍ ലക്ഷ്യമാക്കി താന്‍ കളിക്കാറില്ലെന്നും ക്യാപ്റ്റന്‍ വിശദീകരിച്ചു.  ഇതേ ഫോമലില്‍ കളിക്കുകയാണെങ്കില്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ കോലി സെഞ്ച്വറികളുടെ എണ്ണത്തില്‍ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ തന്നെ കടത്തിവെട്ടുമെന്നുറപ്പാണ്. സെഞ്ച്വറികളുടെ എണ്ണത്തില്‍ മാത്രമല്ല മിക്ക ബാറ്റിങ് റെക്കോര്‍ഡുകളും കോലി സ്വന്തമാക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ നിരീക്ഷണം.

0 comments:

Post a Comment