ഒഴിവാക്കിയവര്‍ക്ക് മറുപടി



ദില്ലി: പതിനൊന്നാം ഐപിഎല്ലിലെ തന്റെ ആദ്യ മത്സരത്തില്‍തന്നെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം പുറത്തെടുത്ത മുന്‍ ഇന്ത്യന്‍താരം ഗൗതം ഗംഭീര്‍ റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടംപിടിച്ചു. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ഡേവിഡ് വാര്‍ണറുടെ റെക്കോര്‍ഡിനൊപ്പമാണ് ഗംഭീര്‍ സ്ഥാനം നേടിയത്.  കിങ്‌സ് ഇലവന്‍ പഞ്ചാബിനെതായ ആദ്യ മത്സരത്തില്‍ തന്നെ ദില്ലി ക്യാപ്റ്റന്‍ കൂടിയായ ഗംഭീര്‍ 50 തികച്ചു. 55 റണ്‍സെടുത്ത ക്യാപ്റ്റന്‍ റണ്ണൗട്ടാവുകയായിരുന്നു. കഴിഞ്ഞസീസണ്‍ വരെ കൊല്‍ക്കത്തയുടെ ക്യാപ്റ്റനായിരുന്ന ഗംഭീറിനെ പുതിയ സീസണില്‍ ടീം ഒഴിവാക്കിയിരുന്നു. തന്നെ തഴഞ്ഞവര്‍ക്കുള്ള മറുപടികൂടിയായി ഗംഭീറിന്റെ ഉശിരന്‍ പ്രകടനം.2.8 കോടി രൂപയ്ക്ക് തന്റെ ആദ്യ ടീമിനൊപ്പമെത്തിയ ഗംഭീര്‍ മുപ്പത്തിയാറാമത് അര്‍ദ്ധ സെഞ്ച്വറിയോടെയാണ് തിരിച്ചുവരവ് കെങ്കേമമാക്കിയത്. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ തന്റെ സ്വതസിദ്ധമായ ഷോട്ടുകളെല്ലാം ഈ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ പുറത്തെടുത്തു. പ്രായം കളിയെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതുകൂടിയായി ഗംഭീറിന്റെ പ്രകടനം.  തന്റെ 150-ാം മത്സരത്തിലാണ് മുന്‍ ഇന്ത്യന്‍താരം റെക്കോര്‍ഡ് പ്രകടനം പുറത്തെടുത്തത്. അതേസമയം, 114 മത്സരങ്ങളില്‍ നിന്നാണ് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ 36 സെഞ്ച്വറികള്‍ നേടിയത്. പന്തു ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്നും വാര്‍ണര്‍ പുറത്തായതിനാല്‍ ഒറ്റയ്ക്ക് റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള അവസരംകൂടി ഗംഭീറിനുണ്ട്.

0 comments:

Post a Comment