തമിഴന്റെ വികാരം ധോണി മനസ്സിലാക്കണമെന്ന് ചിമ്പു



കാവേരി വിഷയത്തിലെ പ്രതിഷേധം ഐപിഎല്‍ വേദിയിലും ഉണ്ടാകണമെന്ന് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനു പിന്നാലെ ചിമ്പുവും. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണി തമിഴന്റെ വികാരം മനസ്സിലാക്കണമെന്നാണ് ചിമ്പു വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കാവേരി വിഷയത്തില്‍ ദേശീയശ്രദ്ധ ലഭിക്കണമെങ്കില്‍ തമിഴകം ഒറ്റക്കെട്ടായി അണിനിരക്കണമെന്നും തമിഴന്റെ വികാരം മനസ്സിലാക്കി ധോണി പ്രവര്‍ത്തിക്കണമെന്നും ചിമ്പു വ്യക്തമാക്കി.  അതേസമയം കാവേരി പ്രശ്‌നത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ പ്രതിഷേധങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സരങ്ങള്‍ കേരളത്തിലേക്ക് മാറ്റാന്‍ ബിസിസിഐ ആലോചിക്കുന്നുണ്ട്. ഈ വിഷയത്തില്‍ ബിസിസിഐ അഭിപ്രായം ആരാഞ്ഞപ്പോള്‍ മത്സരങ്ങള്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സേറ്റഡിയത്തില്‍ നടത്താമെന്ന് കെസിഎ സന്നദ്ധത അറിയിച്ചിരുന്നു.. ചെന്നൈയുടെയും ബാംഗ്ലൂരിന്റെയും മത്സരങ്ങള്‍ തിരുവനന്തപുരം കാര്യവട്ടത്തേക്ക് മാറ്റുന്നതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്.  ഈ മാസം പത്തിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായിട്ടാണ് ചെന്നൈയുടെ ആദ്യ ഹോം മല്‍സരം. നേരത്തേയും തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തെ ചില ഐപിഎല്‍ ടീമുകള്‍ ഹോം ഗ്രൗണ്ടാക്കാന്‍ ആലോചിച്ചിരുന്നു.  കാവേരി ബോര്‍ഡ് രൂപീകരിക്കുന്നതുവരെ ചെന്നൈയില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നാണാണ് നിരവധി തമിഴ് ദ്രാവിഡ രാഷ്ട്രീയ കക്ഷികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കാവേരി പ്രശ്‌നത്തില്‍ പ്രതിഷേധമറിയിക്കുന്നതിനുള്ള മാര്‍ഗമായി ഐപിഎല്‍ മത്സരങ്ങള്‍ തടയാനും സമരക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്നലെ കാവേരി വിഷയം ഐപിഎല്‍ വേദിയിലും പ്രതിഷേധിക്കണമെന്ന് രജനീകാന്ത് കൂടി ആഹ്വാനം ചെയ്തപ്പോള്‍ പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമായി. തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഐപിഎല്‍ ആഘോഷത്തിനുള്ള സാഹചര്യമല്ലെന്നും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കളിക്കാര്‍ ജേഴ്‌സിയില്‍ കറുത്ത ബാഡ്ജ് അണിഞ്ഞു വേണം കളിക്കാന്‍ എന്നും രജനീകാന്ത് ആവശ്യപ്പെട്ടിരുന്നു.  കാവേരി പ്രശ്‌നത്തില്‍ തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധമാണ് അലയടിക്കുന്നത്. കഴിഞ്ഞ ദിവസം ചെന്നൈ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ നിരവധി പ്രതിഷേധപരിപാടികളാണ് അരങ്ങേറിയത്. റെയില്‍റോഡ് ഗതാതഗം തടസപ്പെടുത്തിയ നിരവധി പേരെ പോലീസ് അറസ്റ്റ്‌ചെയ്തു. ചിലയിടങ്ങളില്‍ പ്രതിഷേധക്കാര്‍ ആത്മാഹൂതിക്കു ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയിലൂടെ നിരവധി ക്യാമ്പയിനുകളാണ് അരങ്ങേറിയത്. #ndiaBteraysTamilNadu ഇന്ത്യ തമിഴ്‌നാടിനെ വഞ്ചിച്ചു എന്ന ക്യാമ്പയിന്റെ പിന്നില്‍ ലക്ഷകണക്കിന് ആളുകളാണ് അണിചേര്‍ന്നത്

0 comments:

Post a Comment