പല കളിക്കാരും വന്നു പോവും .പക്ഷെ ദാദ അത് ഒരു ഒന്നൊന്നര സംഭവം ആയിരുന്നു .

കഴിഞ്ഞുപോയ കാലത്തിന്റെ നഷ്ടബോധങ്ങളെ വേദനയോടെ ഉള്ളിലടക്കിപിടിച്ചുകൊണ്ടു ഇനിയും കണ്ടു മതിവരാത്ത കുറെയേറെ ക്രിക്കറ്റ് കാഴ്ചകൾക്കായി ഒഴിവുകിട്ടുന്ന സമയങ്ങളിലൊക്കെ ഭ്രാന്തമായ ആവേശത്തോടെ യൂടൂബിൽ പരതി നടക്കവേ വളരെ അവിചാരിതമായാണ് ആ വീഡിയോ എന്റെ കണ്ണിലുടക്കുന്നത്.(I don't know are you seriously injured or not.But you are wasting too much time for repeated meditation.One thing is sure,at the end I'll not allow anybody to pay off fine over me or my team for the time you have been wasted..)"നിങ്ങൾക്ക് ശാരീരികമായി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല.പക്ഷെ കുറച്ചു നേരമായി തുടരെ തുടരെ വൈദ്യസഹായം ആവശ്യപ്പെട്ടു നിങ്ങൾ നഷ്ടപ്പെടുത്തുന്ന സമയത്തിന്റെ പേരിൽ കളിയുടെ അവസാനം എനിക്കോ എന്റെ ടീമിനോ പിഴ ചുമത്താൻ ഞാൻ സമ്മതിക്കില്ല"അതേ അയ്യാൾ കുറച്ചു ക്ഷോഭത്തിലാണ്.പാകിസ്ഥാൻ ബാറ്റ്സ്മാൻ യൂസുഫ് യൂഹാന(മുഹമ്മദ് യൂസുഫ്) ഇടയ്ക്കിടെ ഫിസിയോയുടെ സേവനം ആവശ്യപ്പെട്ടുകൊണ്ട് മത്സരം തുടർച്ചയായി നിർത്തിവെയ്പ്പിക്കുന്നതാണ് രംഗം.അവിടെ ഒരു ക്യാപ്റ്റൻ എല്ലാവരും കേൾക്കെ പരസ്യമായി അയ്യാളുടെ വിയോജിപ്പ് പ്രകടിപ്പിക്കുകയാണ്.ഇത്ര തീവ്രമായി ഉള്ളിലുള്ളതൊക്കെ ആരുടെ മുന്നിലും യാതൊരു സങ്കോചവും കൂടാതെ വെട്ടിത്തുറന്നു പറയാൻ ആർക്കാണ് കഴിയുക എന്ന ചോദ്യത്തിനുത്തരം തേടി ഏറെയൊന്നും സഞ്ചരിക്കാതിരിക്കാനായി മനസ്സു പാകപ്പെടുന്നത് ആ മനുഷ്യന്റെ പേര് സൗരവ് ഗാംഗുലി എന്നു തിരിച്ചറിയുന്ന നിമിഷത്തിലാണ്.അയ്യാൾക്കല്ലാതെ മറ്റാർക്കാണ് അതിനു കഴിയുക?ആ നിരയിലേക്ക് പറിച്ചു നടേണ്ട ഓർമ്മകൾ പിന്നെയുമുണ്ട്.ഇൻഡ്യൻ മണ്ണിലെത്തി ടീഷർട്ടൂരിഞ്ഞു ഷോ ഓഫ്‌ കാട്ടി ആർത്തുല്ലസിച്ച ആൻഡ്രൂ ഫ്ലിന്റോഫിനെ അരവർഷം തികയുംമുന്നേ അയ്യാളുടെ സ്വന്തം മണ്ണിലെത്തി ,വെള്ളക്കാർ ഇന്ത്യക്കാരനെ അടക്കി ഭരിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞുപോയി ബ്രിട്ടീഷുകാരാ എന്ന വ്യക്തമായ മറുപടിയോടെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ സൗരവിനല്ലാതെ ആർക്കെങ്കിലും കഴിയുമോ?2005 ൽ ആ കരിയറിന്റെ ഏറ്റവും മോശപ്പെട്ടതെന്നു അയ്യാളുടെ ആരാധകർ മനസ്സിനുള്ളിൽ ആയിരം തവണ ശപിച്ചൊഴിവാക്കാൻ ശ്രമിക്കുന്ന ,ഗ്രെഗ് ചാപ്പലുമായുള്ള ആസ്വാരസ്യങ്ങളെ തുടർന്ന് ടീമിന് പുറത്താവുന്ന അത്യന്തം ദയനീയമായ സന്ദർഭത്തിൽ ഇനിയൊരു മടങ്ങിവരവിനായി രഞ്ചിയിൽ കളിച്ചു ഫോം തെളിയിക്കട്ടെയെന്ന ബിസിസിഐ യുടെ ആഞ്ജയ്ക്കു, തുടർന്നുള്ള ബംഗാളിന്റെ ഒരു മാച്ചിലും കളിക്കാതെ മാറി നിന്നുകൊണ്ടാണ് അയ്യാൾ മറുപടി നൽകിയത്.എങ്ങനെ ഒരാൾക്ക് ഇതൊക്കെ സാധ്യമാകുന്നു എന്നു ചിന്തിക്കുമ്പോൾ അയാൾക്ക്‌ ആരുടെയും കല്പനകൾക്കു വഴങ്ങേണ്ട ആവശ്യം തീരെയില്ലാത്തതുകൊണ്ടാണെന്ന ഉത്തരത്തിലേക്കാവും എത്തിച്ചേരുക.കാരണം അയ്യാൾ സൗരവ് ഗാംഗുലിയാണ്.ഒരു ജനതയുടെ മുഴുവൻ നായകനാണ്.അവരുടെ അടക്കിപ്പിടിച്ച വികാര വിക്ഷോഭങ്ങളുടെ ക്രിക്കറ്റ് ഫീൽഡിലെ പ്രതിഫലനമാണ്.അതിനെ നിങ്ങൾക്ക് അഗ്ഗ്രിസ്സീവനെസ് എന്നു വിളിക്കാം.പക്ഷെ ആ അഗ്രഷൻ ഒരിക്കലും ക്രീസിൽ നിന്നു കഷ്ടപ്പെടുന്ന ഒരു ബാറ്റ്സ്മാന്റെയും ദൈന്യതയ്ക്കു നേരെ ഉയർന്നിട്ടില്ല.അവരുടെ നിസ്സഹായാവസ്ഥയ്ക്കു നേരെ കൊഞ്ഞനം കുത്തി ചിരിച്ചിട്ടില്ല.മുറിവേറ്റ ഇൻഡ്യാക്കാരന്റെ ആത്മാഭിമാനത്തിനു വേണ്ടിയാണ് അയ്യാൾ അഗ്രിസ്സീവായത്.തന്റെ സഹതാരങ്ങളുടെ നീതിക്കുവേണ്ടിയാണ് അയ്യാൾ ചോടിച്ചിട്ടുള്ളത്.കമന്ററി ബോക്സിലിരുന്നു നർമ്മ സംഭാഷണത്തിനിടെ എന്നാണ് സൗരവ് എനിക്ക് നിങ്ങളുടെ ഇൻഡ്യാ രാജ്യമൊന്നു ലോകകപ്പ് ഫുട്ബാളിൽ കളിക്കുന്നത് കാണാനാവുക എന്ന മുൻ ഇംഗ്‌ളീഷ് ക്യാപ്റ്റൻ നാസർ ഹുസൈന്റെ പരിഹാസച്ചുവ കലർന്ന ചോദ്യത്തിന് നിങ്ങളെപ്പോലെ 50 വർഷമൊക്കെ ലോകകപ്പ് കളിച്ചിരുന്നുവെങ്കിൽ എത്രയോ മുന്നേ ഞങ്ങൾ ഫൈനലിൽ എത്തുമായിരുന്നു നാസർ എന്നു പറയാൻ അയാൾക്ക്‌ മാത്രമേ കഴിയുമായിരുന്നുള്ളൂ.എന്തെന്നാൽ അവിടെ അയാൾക്ക്‌ മുൻ വിധികളില്ലായിരുന്നു.ആരുടെയും ഗുഡ് സർട്ടിഫിക്കേറ്റ് ആവശ്യമില്ലായിരുന്നു.നിലപാടുകളിലെ സ്ഥിരതയും ആത്മാർഥതയുമാണ് അയാളെ ദാദയാക്കിയത്.ഒരു ബയോപിക്ക് വരുന്നുണ്ടെങ്കിൽ,ഒരു ആത്മകഥ പുറത്തിറങ്ങുന്നുവെങ്കിൽ, മനസ്സാക്ഷിയോട് ഏറ്റവും ചേർന്നുനിൽക്കുന്നത് ആ മനുഷ്യന്റേത് മാത്രമായിരിക്കുമെന്നു ഓരോ ഇൻഡ്യാക്കാരനും നെഞ്ചിൽ തൊട്ട് പറയാൻ കഴിയുന്നതും സത്യം അതിനി മറ്റുള്ളവർക്ക് എത്ര അനിഷ്ടമുണ്ടാക്കുന്നതായാലും തുറന്നുപറയാൻ അയാൾക്ക്‌ യാതൊരു ഭയവുമില്ലാത്തതുകൊണ്ടാണ്.കളിക്കാർക്ക് വെള്ളം കൊടുക്കാൻ പറഞ്ഞ ടീം മാനേജരോട് ഞാനിവിടെ വന്നത് വെള്ളം വിതരണം ചെയ്യാനല്ല, ക്രിക്കറ്റ് കളിക്കാനാണ് എന്നു പറഞ്ഞ അയാളിലെ ചങ്കൂറ്റത്തെ ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ പ്രിന്റിങ് ബിസിനസ്സ് സാമ്രാട്ടിന്റെ മകനായി പിറന്നുവീണ കോടീശ്വരന്റെ അഹന്തയായി കരുതുന്നവരുണ്ടാകാം.ടോസ്സിടാൻ മനപ്പൂർവ്വം വൈകിയെത്തി സാക്ഷാൽ സ്റ്റീവ് വോയെയും ക്രിക്കറ്റ് ലോകത്തേയും കുത്തിനോവിച്ചത് 
രാജകുടുംബത്തിൽ പിറന്നവന്റെ ധാർഷ്ട്ട്യമെന്നു നെറ്റിചുളിക്കുന്നവരുണ്ടാകാം .പക്ഷെ അതെല്ലാം ഒരു നായകന്റെ ഹീറോയിക് പരിവേഷങ്ങളായി കണ്ടാസ്വദിക്കാൻ കഴിയുന്ന വലിയൊരു ജനവിഭാഗം അയാൾക്ക്‌ പിന്നിലുണ്ട് എന്നതാണ് ആ മനുഷ്യന്റെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന്.അതിനവർക്കു കഴിയുന്നത് ഇന്ത്യൻ ക്രിക്കറ്റിനെ ആഴത്തിൽ വിഴുങ്ങിയ കോഴവിവാദത്തിന്റെ നീരാളിപ്പിടുത്തിൽ നിന്നും എന്നന്നേക്കുമായി സംരക്ഷണ ഭിത്തി കെട്ടി കാവലിരിക്കാൻ അയ്യാളുടെ ആ സ്വഭാവ ഗുണങ്ങൾ കാരണമായിട്ടുണ്ടെന്നു നിസ്സംശയം മനസ്സിലുറച്ചു വിശ്വസിക്കുന്നതു കൊണ്ടു തന്നെയാണ്.90 കളുടെ അവസാനത്തിൽ പ്രത്യക്ഷമായ ഇന്ത്യൻ ക്രിക്കറ്റിന്റെ കറുത്ത ദിനങ്ങളെ ഒരു ദുസ്വപ്നം പോലെ മറക്കാനാഗ്രഹിക്കുന്ന ഓരോ ആരാധകനും സൗരവ് ഗാംഗുലി അവരുടെ പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയുമൊക്കെ പൂർത്തീകരണത്തിന്റെ ആണടയാളമാണ്.അതുകൊണ്ടാണ് വിരമിച്ചു വർഷങ്ങളിത്ര കഴിഞ്ഞിട്ടും അയാൾക്കെതിരെ ഒരു വാക്കുയർന്നാൽ അതിനെ നഖശിഖാന്തം എതിർക്കാനായി ഇൻഡ്യ മുഴുവനുമുള്ള അയ്യാളുടെ പടയാളികൾ സട കുടഞ്ഞെഴുന്നേൽക്കുന്നത്.അതിൽ സച്ചിൻ ടെണ്ടുൽക്കറുടെയും രാഹുൽ ദ്രാവിഡിന്റെയും വീരേന്ദർ സേവാഗിന്റെയുമൊക്കെയടക്കം ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണ്ണ കാലത്തിലൂടെ കടന്നുപോയ എല്ലാ കളിക്കാരുടെയും ആരാധകരുണ്ടെന്ന തിരിച്ചറിവ് എനിക്ക് സമ്മാനിച്ചുട്ടുള്ള ആശ്ചര്യം പറഞ്ഞറിയിക്കുന്നതിനും അപ്പുറമാണ്.ഇതു എഴുതികൊണ്ടിരിക്കുന്ന സമയത്തുപോലും എന്റെ ശരീരത്തിലൂടെ കടന്നുപോകുന്ന ഒരു വൈബ്രേഷനുണ്ട്.അതു ആ മനുഷ്യന്റെ ഓർമ്മകൾ ഹൃദയത്തിലെവിടെയൊക്കെയോ ആഴത്തിൽ കുത്തിനോവിക്കുന്നത് കൊണ്ടാകാം.Will you remember him? ദാദ കളമൊഴിയുന്നുവെന്ന പ്രസ് മീറ്റിങ് വന്ന ദിവസം CNN-IBN ന്റെ വാർത്താവതാരിക ചോദിച്ച ചോദ്യമാണ്.എന്താണ് മാഡം നിങ്ങൾ ചോദിക്കുന്നത് ,ഞങ്ങൾ അയാളെ മറക്കാനോ ? ഞങ്ങൾക്കതിനു കഴിയുമോ...?കാലമെത്ര കടന്നുപോയാലും ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ അയാളെ ഒഴിവാക്കി ഒരു തലമുറയ്ക്കും മുന്നോട്ടു പോകാനാവില്ലെന്ന സത്യം തീർച്ചയായും അംഗീകരിച്ചേ മതിയാകൂ.പ്രളയം വന്നു സർവ്വതും നശിച്ച ഭൂമിയിൽ ശക്തമായ ഒരടിത്തറ പണിതു അതിൽ കുടുംബാംഗങ്ങൾക്കെല്ലാം മഴയും വെയിലുമേൽക്കാതെ ചുരുണ്ടുകൂടാനൊരു കൂര പണിതവനാണയാൾ.അതിന്റെ കേടുപാടുകൾ പരിഹരിക്കുകയോ,വെള്ള പൂശി മോടി പിടിപ്പിക്കുകയോ മാത്രമേ അയ്യാളുടെ പിൻ തലമുറക്കാർ ചെയ്തിട്ടുള്ളൂ.അടിത്തറയിട്ടത് അയാളാണ്.അയ്യാൾ വിതച്ചതേ ബാക്കിയുള്ളവർ കൊയ്തിട്ടുള്ളൂ...Many players might come and go, but no one can replace SOURAV GANGULY...!വിമൽ നാഥ് വി ജി.



1 comment:

  1. yes... that is our DADA....we miss you a lot DADA.. love you DADA....

    ReplyDelete