സൗത്ത് ആഫ്രിക്കയില്‍ പര്യടനത്തിന് ഇറങ്ങിയ ഇന്ത്യന്‍ ടീമിന്റെ മെനുവില്‍

സെഞ്ചൂറിയന്‍: വീട്ടില്‍ രാവിലെ കഴിക്കാന്‍ എന്ത് ഭക്ഷണമാണ് ഇഷ്ടം? ഒരു അംഗത്തിന് പുട്ടാണെങ്കിലും മറ്റൊരാള്‍ക്ക് ദോശയാകും പ്രഭാതഭക്ഷണത്തിന് ഇഷ്ടം. ഇഷ്ടാനിഷ്ടങ്ങള്‍ ഇങ്ങനെ മാറുമ്പോള്‍ വീട്ടിലെ അമ്മമാരാണ് പലപ്പോഴും കഷ്ടപ്പെട്ട് പോകുന്നത്. അപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കാര്യമൊന്ന് ചിന്തിച്ച് നോക്കൂ. പല സംസ്ഥാനങ്ങളില്‍ നിന്നും പല രുചികള്‍ ശീലിച്ചവര്‍ ഒത്തുചേരുമ്പോള്‍ ഭക്ഷണം ഉണ്ടാക്കുന്നത് ഒരു ബാലികേറാമല തന്നെയാകും. സൗത്ത് ആഫ്രിക്കയില്‍ ഡ്രസിംഗ് റൂമുകളില്‍ ഭക്ഷണം വിളമ്പിയ പ്രാദേശിക കാറ്ററര്‍ക്കും ഈ പണികിട്ടി. ഇന്ത്യന്‍ ടീമിന് രുചി ദഹിച്ചില്ല. ഇതോടെ പ്രാദേശിക കാറ്ററുടെ സേവനം മതിയാക്കി, പകരം പ്രിട്ടോറിയയിലെ ഇന്ത്യന്‍ റെസ്‌റ്റൊറന്റ് ഗീതിന് ആ ചുമതല കൈമാറി. ഗീത് റെസ്‌റ്റൊറന്റ് ഇന്ത്യന്‍ ടീമിന് സെഞ്ചൂറിയനില്‍ വിളമ്പിയ വിഭവങ്ങള്‍ കേട്ടാല്‍ ഇവര്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണോ സൗത്ത് ആഫ്രിക്കയില്‍ പോയതെന്ന് സ്വാഭാവികമായും തോന്നിപ്പോകും. ഹോംമേഡ് ഗ്രാനോള, ഹൈ പ്രോട്ടീന്‍ സിറിയല്‍, മുസെലി & മിലോ സിറിയല്‍, ഗ്രീക്ക് യോഗര്‍ട്ട്, ഫാറ്റ്ഫ്രീ മില്‍ക്, ഫ്രഷ് ഫ്രൂട്‌സ്, ഡ്രൈഡ് ഫ്രൂട്‌സ്, ഡ്രൈഡ് മീറ്റ്, നട്‌സ്, ചായ കാപ്പി എന്നിവയൊന്നും പോരാഞ്ഞ് ഒരു ഓംലെറ്റ് സ്‌റ്റേഷന്‍ തന്നെ വേണമായിരുന്നു ഇന്ത്യന്‍ ടീമിന് പ്രഭാത ഭക്ഷണത്തിന്. ഇത് പ്രാദേശിക കാറ്ററാണ് ഒരുക്കിയത്. ഉച്ചഭക്ഷണം ഗീത് റെസ്റ്റൊറന്റ് വകയായിരുന്നു. ചിക്കന്‍ റെസാല, ലാംബ് സെയാല്‍ എന്നിവ നോണ്‍-വെജ് വിഭവങ്ങളിലും, വെജിറ്റേറിയനില്‍ രണ്ട് തരം പരിപ്പ്, പാലക് പനീര്‍, ഗോലി മസാല, ബട്ടര്‍ നാന്‍, ബസ്മതി ചോറ് എന്നിവയും ഉണ്ടായിരുന്നു. അവസാന ഏകദിനത്തില്‍ ഇന്ത്യന്‍ വിജയത്തിന് കേരളത്തോട് നന്ദി പറയേണ്ടി വരും, പ്രത്യേകിച്ച് ആലപ്പുഴക്കാരോട്. കാരണം എന്തെന്നല്ലേ, ഉച്ചഭക്ഷണത്തിന് ചിക്കന്‍ റെസാലയ്ക്ക് പകരം ആലപ്പുഴ സ്റ്റൈല്‍ ചിക്കന്‍ കറിയാണ് ഇന്ത്യന്‍ ടീം അടിച്ചുവിട്ടത്. പ്രാദേശിക കാറ്റററുടെ ഭക്ഷണം ഇഷ്ടപ്പെടാതെ വന്നതോടെയാണ് തങ്ങള്‍ക്ക് നറുക്കു വീണതെന്ന് ഗീത് റെസ്‌റ്റൊറന്റ് വ്യക്തമാക്കി. ജോഹന്നാസ്ബര്‍ഗിലും ഇവരാണ് ഭക്ഷണം എത്തിച്ചത്. ഇന്ത്യന്‍ ടീം വരുമ്പോള്‍ മാത്രമാണ് വീട്ടിലുണ്ടാക്കിയ പോലെ ഭക്ഷണം വേണമെന്ന നിബന്ധന വരുന്നതെന്ന് പ്രാദേശിക കാറ്ററര്‍ പരാതിപ്പെടുന്നു.


0 comments:

Post a Comment