സച്ചിന്....വാക്കുകള്‍ മുറിഞ്ഞുപോവുന്നു....എത്രയോ തവണ താങ്കളെക്കുറിച്ചെഴുതിയ വിരലുകള്‍ ഒരക്ഷരമെഴുതാനാവാതെ പകച്ചുപോവുകയാണ്(!) സച്ചിന്‍....താങ്കള്‍ ഇനി ക്രിക്കറ്റിലില്ലെന്ന സത്യം ഉള്‍ക്കൊള്ളാനേ കഴിയുന്നില്ല....മരണം പോലെ നൊമ്പരമാണ് ആ വാര്‍ത്ത...പച്ചമൈതാനിയില്‍ നീലതൊപ്പിവെച്ച് വിപ്ലവകാരിയെപോലെ പോരാടാന്‍ ഇനി സച്ചിനുണ്ടാനവില്ലെന്ന യാഥാര്‍ത്ഥ്യത്തെ അല്ലെങ്കിലും എങ്ങനെയാണ് അംഗീകരിക്കേണ്ടത്(?) ഏറ്റവും വേണ്ടപ്പെട്ട ആരോ ഒരാള്‍ മരിച്ചുപോയതിന് സമാനമായ ദു:ഖമാണ് മനസ്സ് അനുഭവിച്ചുക്കൊണ്ടിരിക്കുന്നത്.... 000 000 000 ഞങ്ങള്‍ക്ക് ക്രിക്കറ്റെന്നാല്‍ സച്ചിനാണ്..ബാറ്റും ബോളും കാണുമ്പോള്‍, ഒരു ഗ്രൗണ്ട് കണ്ണില്‍ പതിയുമ്പോള്‍ ഞങ്ങള്‍ സച്ചിനെ ഓര്‍ക്കും....ക്രിക്കറ്റിലെ ആദ്യത്തേതും അവസാനത്തേതുമായ പര്യായ പദം സച്ചിനാണ്...സച്ചിനില്ലെങ്കിലും ക്രിക്കറ്റുണ്ടാകും പക്ഷെ, സച്ചിനില്ലെങ്കില്‍ പിന്നെന്ത് ക്രിക്കറ്റെന്ന് മനസ്സ് പറയാതെ പറയുന്നു....നാട്ടിന്‍പുറത്തെ കൊയ്‌ത്തൊഴിഞ്ഞ പാടത്ത് ക്രിക്കറ്റ് കളിക്കുമ്പോള്‍ ഓരോ കുട്ടിയും ആഗ്രഹിച്ചത് സച്ചിനാവാനായിരുന്നു...ക്ലാസിക് അതിന്റെ നൂറകലത്തിലെത്താതിരിക്കുമ്പോഴും സച്ചിനെപ്പോലെ ബാറ്റ് ചെയ്യാനാണവര്‍ കൊതിച്ചത്...പൊരിവെയിലത്തങ്ങനെ വെന്തുരുകുമ്പോള്‍ അമ്മയുടെ ശകാരം വരും, നട്ടുച്ചക്കും വിശ്രമമില്ലാതെ കളിച്ചിട്ട് സച്ചിനാവാനാണോ നിന്റെ പദ്ധതിയെന്ന് ചോദിക്കുമ്പോള്‍ സച്ചിനോട് ചേര്‍ത്തുവായിച്ചതിന്റെ അഹങ്കാരമായിരിക്കും മനസ്സ് മുഴുവന്‍....പുസ്തകച്ചട്ട നിറയെ സച്ചിന്റെ ഫോട്ടോ ഒട്ടിച്ചുവെച്ച ബല്യം നിങ്ങളും ഓര്‍ക്കുന്നില്ലെ....സച്ചിനെക്കുറിച്ചെഴുതിയ ഫീച്ചറുകളും സ്‌പെഷ്യല്‍ സ്റ്റോറികളും മുറിച്ചെടുത്ത് സൂക്ഷിക്കുന്ന ശീലം എന്റേതും നിന്റേതും മാത്രമല്ല ഓരോ ഇന്ത്യക്കാരന്റെയും സംസ്‌ക്കാരത്തിന്റെ തന്നെ ഭാഗമായിരുന്നു... ഇന്ത്യയുടെ കളി എന്നതിനപ്പുറം ഓരോ മത്സരവും നമുക്ക് സച്ചിന്റെ കളിയായിരുന്നു...ഒരു സെഞ്ച്വറിയുമായി, അല്ലെങ്കില്‍ തകര്‍പ്പന്‍ അടികളുമായി സച്ചിന്‍ നിറഞ്ഞാടിയാല്‍ മതി നമുക്കന്ന് പെരുന്നാളായിരിക്കും...ഇന്ത്യയുടെ(സച്ചിന്റെ) കളി ഇന്ത്യക്കാരന്റെ ദേശീയ ഉത്സവമാണ്.... ലോകം ഇടിഞ്ഞുവീണാലും ടീവിക്കുമുന്നില്‍ നിന്നെഴുന്നേല്‍ക്കാതെ കളി കാണുന്ന വികാരത്തെ ഭ്രാന്ത് എന്ന് പേരിട്ട് വിളിക്കുന്നവരോട് പറഞ്ഞോട്ടെ...സച്ചിന്റെ കളി കാണാതെ പോകുന്നത് വലിയ നഷ്ടങ്ങളിലൊന്നാണ്....ഓരോ കളിയിലും ആ കുറിയ മനുഷ്യന്‍ എഴുതിവെച്ചുകൊണ്ടിരിക്കുന്നത് പുതിയപുതിയ ചരിത്രങ്ങളായിരുന്നല്ലോ... 000 000 000 ഒരു രാജ്യത്തെ ഇത്രമേല്‍ സ്വാധീനിച്ച മറ്റൊരു വ്യക്തിത്വമുണ്ടാവില്ല....രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ പേരറിയാത്ത മുത്തശ്ശിക്കും കൊച്ചുകുട്ടിക്കും സച്ചിനെ അറിയാം...ഇന്ത്യയില്‍ എത്ര സംസ്ഥാനമുണ്ടെന്ന് ചോദിച്ചാല്‍ മിഴിച്ചുനില്‍ക്കുന്നവര്‍ സച്ചിന്റെ ജനനവും കരിയറും കുടുംബവിശേഷവുമെല്ലാം പറഞ്ഞു തരും... കറാച്ചിയില്‍ വസീം അക്രമിന്റെയും വഖാര്‍ യൂനിസിന്റെയും തീ തുപ്പുന്ന പന്തുകളെ സധൈര്യം നേരിട്ട സച്ചിന്റെ കുഞ്ഞുമുഖം...ഓള്‍ ട്രാഫോഡിലെ ആദ്യ സെഞ്ച്വറി...നൂറാം സെഞ്ച്വറി..ചരിത്രത്തിലെ ആദ്യത്തെ ഡബിള്‍ സെഞ്ച്വറി...ലോകം മറക്കില്ലതൊന്നുന്നും.... സച്ചിനെന്ന കളിക്കാരനേക്കാളേറെ ആളുകളിഷ്ടപ്പെട്ടത് ആ സ്വഭാവമായിരുന്നു...എല്ലാം നേടിയെടുത്ത് താരതിളക്കത്തിന്റെ അത്യുന്നതിയില്‍ നില്‍ക്കുമ്പോഴും എളിമയും വിനയവും കൈവിടാതെ മാതൃകാപുരുഷനായി ആ മഹാമനുഷ്യന്‍....ബാറ്റ് ചെയ്യുന്നതിനിടയില്‍ അബദ്ധത്തില്‍ സിക്‌സറായപ്പോള്‍ ബൗളര്‍ക്കുനേരെ പരിഹാസ്യചിരിയുമായി തുള്ളിച്ചാടിയ കളിക്കാരന്‍ ജീവിക്കുന്ന ഇതേ രാജ്യത്തായിരുന്നു രണ്ടരപതിറ്റാണ്ടുകാലം റിക്കാര്‍ഡുകള്‍ കൊണ്ട് സച്ചിന്‍ കഥകളെഴുതിയത്...റണ്‍സുകളില്‍ ഹിമാലയം ഉയര്‍ന്നപ്പോഴും സെഞ്ച്വറികള്‍ എവറസ്റ്റിനെതൊട്ടപ്പോഴും സച്ചിന്‍ സച്ചിനായിരുന്നു... കോളയും സിഗരറ്റുകമ്പനിയും കോടികളുടെ കെട്ടുമായി പരസ്യത്തിലേക്ക് വിളിച്ചപ്പോള്‍ പുഞ്ചിരിയോടെ നിരസിച്ച വഴികാട്ടിയാണ് നമ്മുടെ സച്ചിന്‍.....ജനങ്ങളെ ദുശ്ശീലത്തിലേക്ക് പ്രേരിപ്പിക്കുന്ന പാപത്തിന്റെ പണം എനിക്ക് വേണ്ടെന്ന ആ പ്രഖ്യാപനത്തില്‍ എല്ലാം ഉണ്ടായിരുന്നു... സച്ചിന്‍ ഒരിക്കലും അരയില്‍ തുവാല തിരുകിയില്ല, കളി തോറ്റു കൊടുക്കാമെന്ന് ആര്‍ക്കും വാക്കുകൊടുത്തില്ല...സച്ചിനെന്ന പ്രതിഭ ലോകത്തിനുമുന്നില്‍ ജയിച്ചപ്പോള്‍ സത്യവും കഠിനാധ്വാനവുമാണ് ജയിച്ചത്...സമര്‍പ്പണത്തിന്റെ ഫലം വിജയം മാത്രമായിരിക്കുമെന്ന് സച്ചിന്റെ ജീവിതം പറഞ്ഞു തരുന്നു...ചെയ്യുന്ന കാര്യത്തോട് ഇത്രയേറെ ആത്മാര്‍ത്ഥത കാണിച്ച വ്യക്തികള്‍ അപൂര്‍വ്വമായിരിക്കും...എല്ലാറ്റിലും പൂര്‍ണ്ണത മാത്രം കൊതിച്ച കളിക്കാരന്‍...അടിച്ചെടുത്ത സെഞ്ച്വറിയും പേരും പെരുമയും കൊണ്ട് സച്ചിന് എന്നും ടീമില്‍ തുടരാമായിരുന്നു...പക്ഷെ, ഒരോ മത്സരവും സച്ചിന് ഒരു പോരാട്ടം തന്നെയായിരുന്നു...പോരാളികള്‍ തോല്‍ക്കാറില്ലെന്ന് സച്ചിന്‍ പിന്നെയും പിന്നെയും പറഞ്ഞു തന്നു.ലോഗ് ഔട്ടിന് സമയമായി....പച്ചവെളിച്ചം മാഞ്ഞു...ഇനി ക്രിക്കറ്റിന്റെ പബ്ലിക്ക് വാളില്‍ സച്ചിനില്ല...സെഞ്ച്വറിയും റിക്കാര്‍ഡ് പെരുമയും പേജിനുള്ളിലെ സ്റ്റാറ്റസും ചിത്രവും മാത്രം...സച്ചിന്‍ ബാറ്റ് കൊണ്ടെഴുതുന്ന പുതിയ കവിതകള്‍ക്കായി കരുതിവെച്ച ലൈക്കുകള്‍ ഇപ്പോഴും മൗസിനരികില്‍ ബാക്കിയുണ്ട്...ആ വിസ്മയ കാഴ്ച്ചക്ക് കമന്റടിച്ച് മതിവന്നിട്ടില്ല...ഫോളോവറാണെന്ന് പറയുമ്പോഴും ക്രീസിനുള്ളില്‍ പുതിയ പോസ്റ്റുകളില്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ടെന്തു കാര്യം...സച്ചിനില്ലാത്ത നെറ്റ് വര്‍ക്ക് ശൂന്യമാണ്.... 000 000 000 സച്ചിന്‍ പോകുമ്പോള്‍ ലോകം അവസാനിക്കുന്നില്ല...സച്ചിന്‍ പാഡഴിക്കുമ്പോള്‍ ഇന്ത്യ ഇരുട്ടാവുന്നില്ല...എന്നാലും എന്തൊക്കെയോ ഇല്ലാതാവുകയാണിവിടെ...തലമുറകള്‍ക്ക് തണലേകിയ ഒരു മരം പെടുന്നനെ അപ്രത്യക്ഷമായ ഒരു വികാരമാണ് മനസ്സിനെ തൊടുന്നത്...സംസാരിച്ചുകൊണ്ടിരിക്കെ പ്രിയപ്പെട്ടൊരാള്‍ കവറേജ് ഏരിയക്ക് പുറത്തായിപ്പോയ ദു:ഖമുണ്ട്... അറിവുവെച്ച നാള്‍ മുതല്‍ നമുക്ക് ക്രിക്കറ്റെന്നാല്‍ സച്ചിനായിരുന്നു...ക്ലാസിക്കിന്റെ തമ്പുരാനായ അസ്ഹറുദ്ദീനെ ഇഷ്ടപ്പെടുമ്പോഴും, ദാദയ്ക്കുവേണ്ടി ആര്‍പ്പ് വിളിക്കുമ്പോഴും, ദ്രാവിഡിനായി വാദിക്കുമ്പോഴും യൂസഫിന്റെ വെടികെട്ടില്‍ മതിമറക്കുമ്പോഴും സച്ചിന്‍ നമ്മെ കൊതിപ്പിച്ചുകൊണ്ടേയിരുന്നു... മറക്കില്ലെന്ന് പറയാം...ഓര്‍ക്കാന്‍ മാത്രം ഉണ്ടെന്നതും സത്യം...പക്ഷെ, കളിക്കളത്തിലിനിയില്ലെന്നറിയുമ്പോള്‍ അത് പറഞ്ഞറിയിക്കാനാവാത്ത നൊമ്പരം തന്നെ.... 000 000 000 സച്ചിന്‍....സലാം പറയാനാവുന്നില്ല...കാരണം ഒരിക്കലും താങ്കള്‍ മനസില്‍ നിന്ന് അകലുന്നില്ലല്ലോ....മൊഹാലിയിലും മുംബൈയിലും ഈഡന്‍ ഗാര്‍ഡനിലും കളി വരുമ്പോള്‍ ഇനി സച്ചിനില്ലായിരിക്കാം...പക്ഷെ, ഞങ്ങളുടെ ഹൃദയത്തില്‍ താങ്കള്‍ എന്നും ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കും....വിരാട് കോലിയും യൂസഫ് പഠാനും കണ്‍മുന്നില്‍ നിറഞ്ഞാടുമ്പോഴും ഞങ്ങള്‍ സച്ചിന്‍ സമ്മാനിച്ച ആ നല്ല ഓര്‍മ്മകള്‍ക്ക് ലൈക്കടിച്ചുകൊണ്ടിരിക്കും...അതെ, സച്ചിന്‍ അത്രമേല്‍ അടുത്ത്‌പോയിട്ടുണ്ട്...സത്യം....
സച്ചിന്.. മതി വന്നില്ല കൊതി തീര്‍ന്നില്ല.... written by എബി കുട്ടിയാനം
February 17, 2018
No Comments

0 comments:
Post a Comment