അതിവേഗ ഫിഫ്റ്റിയുടെ ക്രെഡിറ്റ് രാഹുല്‍ നല്‍കുന്നത് ഈ താരത്തിന്



മുംബൈ: ഐപിഎല്ലിലെ പതിനൊന്നാം സീസണിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനമങ്ങളിലൊന്നാകും ഡല്‍ഹിയ്‌ക്കെതിരെ കെഎല്‍ രാഹുല്‍ കാഴ്ച്ചവെച്ച ബാറ്റിംഗെന്ന് ക്രിക്കറ്റ് പ്രേമികള്‍ക്കൊന്നും സംശയമുണ്ടാകില്ല. ഡല്‍ഹി ഡയര്‍ഡെവിള്‍സ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച രാഹുല്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ച്വറിയാണ് സ്വന്തമാക്കിയത്.  കിംഗ്‌സ് ഇലവന്‍ പഞ്ചാബ് തനിക്ക് വേണ്ടി ചെലവാക്കിയ 11 കോടി വെറുതെയായില്ലെന്ന് തെളിയിക്കുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്.  തന്റെ പ്രകടനത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ രാഹുല്‍ നല്‍കുന്നത് ഒരു സഹതാരത്തിനാണ്. അത് മറ്റാരുമല്ല, സാക്ഷാല്‍ ക്രിസ് ഗെയ്ലാണ് അത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി കളിക്കുന്ന കാലം മുതല്‍ ക്രിസ് ഗെയ്ലിന്റെ ഉപദേശങ്ങള്‍ തനിക്ക് മുതല്‍ക്കൂട്ടായിട്ടുണ്ടെന്ന് രാഹുല്‍ പറയുന്നു.  ‘റോയല്‍ ചലഞ്ചേഴ്സിനു വേണ്ടി കളിക്കുമ്പോള്‍ തന്നെ ഗെയ്ലുമായി ഒരുപാട് സംസാരിക്കുമായിരുന്നു. ഇന്നിങ്‌സിന്റെ വേഗത എങ്ങനെ കൂട്ടാം എന്നതിനെ കുറിച്ച് അദ്ദേഹവുമായി സംസാരിക്കുമായിരുന്നു. പൊസിഷന്‍ കറക്ടാക്കണമെന്നും അപ്പോള്‍ ശരീരം വേണ്ട രീതിയില്‍ തന്നെ റിയാക്ട് ചെയ്യുമെന്നും അദ്ദേഹം എന്നും പറയുമായിരുന്നു. അത് ഞാന്‍ ഫോളോ ചെയ്യുകയായിരുന്നു. വിജയം കണ്ടതില്‍ അതിയായ സന്തോഷമുണ്ട്,” രാഹുല്‍ പറയുന്നു.  ഒന്നും മുന്‍കൂട്ടി തീരുമാനിച്ചിരുന്നില്ലെന്നും സ്വാഭാവികമായി സംഭവിച്ചതാണെന്നുമായിരുന്നു അര്‍ധസെഞ്ചുറിയെ കുറിച്ചുള്ള രാഹുലിന്റെ പ്രതികരണം.” അങ്ങനെ കളിക്കണമെന്ന് നേരത്തെ പ്ലാന്‍ ചെയ്തിരുന്നില്ല. റണ്‍സ് സ്‌കോര്‍ ചെയ്യണമെന്നു മാത്രമേയുണ്ടായിരുന്നുള്ളൂ. ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ ആദ്യ പന്തു മുതല്‍ തന്നെ ജഡ്ജ് ചെയ്ത് ബാറ്റ് ചെയ്യാന്‍ സാധിച്ചു,” രാഹുല്‍ പറഞ്ഞു.  വെറും 14 പന്തില്‍ നിന്നുമാണ് ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറി രാഹുല്‍ നേടിയത്. മൂന്ന് സിക്സും ആറ് ഫോറുമടങ്ങുന്നതാണ് രാഹുലിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. രാഹുലിന്റെ പ്രകടനത്തിന്റെ ബലത്തിലാണ് പഞ്ചാബ് ഡല്‍ഹിയെ പരാജയപ്പെടുത്തിയത്

0 comments:

Post a Comment