ഒത്തുകളിച്ചു, ലോകകപ്പ് നേടിയ ഇന്ത്യന്‍ സൂപ്പര്‍ താരം വലയിലാകുന്നു



ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കാന്‍ ശക്തിയുളള മറ്റൊരു വിവാദത്തിന് കളമൊരുങ്ങുന്നു. 2011 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന ഒരു ഇന്ത്യന്‍ താരത്തിന് ഒത്തുകളിയില്‍ പങ്കുളളതായാണ് ആരോപണം. കഴിഞ്ഞ ജുലൈയില്‍ ജയ്പൂരില്‍ നടന്ന രാജ്പുത്താന പ്രീമിയര്‍ ലീഗ് ടി20 ടൂര്‍ണമെന്റിലാണ് ഒത്തുകളി നടന്നത്.  ഇക്കാര്യത്തെ കുറിച്ച് ബിസിസിഐയുടെ ആന്റി കറപ്ഷന്‍ ബ്യൂറോയും പോലീസ് നടത്തിിയ അന്വേഷണത്തിലാണ് ഒത്തുകളി വിവാദത്തില്‍ ഒരു ഇന്ത്യന്‍ താരവും ഉള്‍പ്പെട്ട വിവരം കണ്ടുപിടിച്ചിരിക്കുന്നത്. ഇതിനെത്തുടര്‍ന്ന് താരത്തിനെതിരേ വിശദമായ അന്വേഷണം ആരംഭിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.  ടൂര്‍ണമെന്റിലെ പ്രധാന ഒരു മത്സരത്തില്‍ അവസാന ഓവറില്‍ ബൗളര്‍ മനപ്പൂര്‍വം നോബോളും വൈഡും എറിഞ്ഞ് പതിനൊന്ന് ബൈ റണ്‍സാണ് ബാറ്റിംഗ് ടീമിന് സംഭാവന ചെയ്തത്. അവസാന ഓവറില്‍ 12 റണ്‍സ് വേണ്ടിയിരുന്ന ബാറ്റിങ് ടീമിന്, എതിര്‍ ടീം ബൗളര്‍ വാരിക്കോരി നല്‍കിയ വൈഡ് റണ്‍സിന്റെ ആനുകൂല്യത്തില്‍ നിഷ്പ്രയാസം മത്സരം വിജയിക്കുകയും ചെയ്തു. കേവലം ഒരു പന്തിലാണ് വിജയിക്കാന്‍ ആവശ്യമായ 12 റണ്‍സും എതിര്‍ ടീം എടുത്തത്.  ക്ലബ് താരങ്ങള്‍ കളിച്ച ടൂര്‍ണമെന്റിലെ ഒത്തുകളിയില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ കുപ്പായം അണിഞ്ഞ ഒരു താരത്തിന് വ്യക്തമായ പങ്കുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് സൂചന. ഈ ടൂര്‍ണമെന്റില്‍ പങ്കെടുത്ത കളിക്കാര്‍, അമ്പയര്‍മാര്‍, സംഘാടകര്‍ എന്നിവരടക്കം 14 പേരെ ജയ്പൂരിലെ വിവിധ ഹോട്ടലുകളില്‍ നിന്നായി നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണ്‍, വാക്കി-ടോക്കി, ലാപ്ടോപ്പ്, പണം എന്നിവ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.  ഇതില്‍നിന്ന് ലഭിച്ച നിര്‍ണായകമായ വിവരങ്ങളാണ് ഇന്ത്യന്‍ താരത്തെയും അന്വേഷണത്തിന്റെ പരിധിയിലാക്കിയത്. പോലീസ് ഇതുസംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണ്. ഇത്തരത്തില്‍ ഒത്തുകളി നടന്നതായി സംശയിക്കുന്ന ആറോളം ആഭ്യന്തര ടൂര്‍ണമെന്റുകളെക്കുറിച്ചും ബിസിസിഐ അന്വേഷണം നടത്തുന്നുണ്ട്

0 comments:

Post a Comment