ഇത് ചെറുത് ഇപ്പോ ശെരിയാക്കി തരാട്ടോ




രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചു വരവ് വിജയത്തോടെ ആഘോഷമാക്കിയിരിക്കുകയാണ് എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ചെന്നൈ പതിനൊന്നാം സീസണിലെ അദ്യ മത്സരവും തങ്ങളുടെ തിരിച്ചുവരവും ആഘോഷമാക്കിയത്. ഒരു ഘട്ടത്തില്‍ തോല്‍വി ഉറപ്പിച്ച ചെന്നെ ‘ബ്രാവോ ഷോ’യിലൂടെയാണ് ജയം മുംബൈയില്‍ നിന്ന് തട്ടിയെടുത്തത്.മുംബൈ ഇന്ത്യന്‍സ് മുന്നോട്ടു വച്ച 166 റണ്‍സിന്റെ ലക്ഷ്യം ഒന്‍പത് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയാണ് ചെന്നെ നേടിയത്. ഒരു വിക്കറ്റിന്റെ ഈ വിജയം ചെന്നെയുടെ ഐപിഎല്‍ കരിയറിലെ കുഞ്ഞന്‍ വിജയമാണ്. നേരത്തെ 2015ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ മൂന്നു വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയതായിരുന്നു ഏറ്റവും കുഞ്ഞന്‍ വിജയം. അന്ന് ബാംഗ്ലൂര്‍ നല്‍കിയ 140 റണ്‍സ് വിജയലക്ഷ്യം ചെന്നൈ മറികടന്നത് ഏഴു വിക്കറ്റ് നഷ്ടത്തിലായിരുന്നു. റണ്‍സിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ 2015ല്‍ ഡല്‍ഹിക്കെതിരെ നേടിയ ഒരു റണ്‍സ് വിജയമാണ് ഏറ്റവും ചെറുത്. അന്ന് ചെന്നൈ സ്‌കോറായ 150 റണ്‍സിനെതിരെ ഡല്‍ഹിക്ക് 149 ലെത്താനേ കഴിഞ്ഞുള്ളു.നേരത്തെ, ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി. സൂര്യകുമാര്‍ യാദവ്, കൃണാല്‍ പാണ്ഡ്യ, ഇഷാന്‍ കിഷന്‍ എന്നിവരുടെ മികച്ച പ്രകടനങ്ങളാണ് മുംബൈക്കു ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിംഗില്‍ 118/8 എന്ന നിലയില്‍ പരാജയം ഉറപ്പിച്ച ചെന്നൈയെ ഡ്വെയ്ന്‍ ബ്രാവോയുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സ് രക്ഷപ്പെടുത്തുകയായിരുന്നു.30 പന്ത് നേരിട്ട ബ്രാവോ 68 റണ്‍സ് നേടി. മൂന്നു ബൗണ്ടറികളും ഏഴു സിക്‌സറുകളും അടങ്ങിയതായിരുന്നു ബ്രാവോ ഷോ. 18ാം ഓവറിന്റെ അവസാന പന്തില്‍ ബ്രാവോ പുറത്തായെങ്കിലും അവസാന ഓവറില്‍ ജയിക്കാന്‍ ആവശ്യമായിരുന്ന ഏഴു റണ്‍സ് കേദാര്‍ യാദവിന്റെ ബാറ്റില്‍നിന്നു പിറന്നു.

0 comments:

Post a Comment