ഐപിഎല്‍: ഇങ്ങനെയും ചില ക്യാപ്റ്റന്‍മാരുണ്ടായിരുന്നു!!



  മുംബൈ: ക്യാപ്റ്റനെന്ന പദവിക്ക് മറ്റേതു ഗെയിമിനേക്കാളും പ്രാധാന്യമാണ് ക്രിക്കറ്റിലുള്ളത്. കാരണം കളിക്കളത്തില്‍ നായകന്റെ ഒരൊറ്റ തെറ്റായ തീരുമാനം സ്വന്തം ടീമിനെ തോല്‍വിയിലേക്കു തള്ളിയിട്ടേക്കും. ട്വന്റി20 ക്രിക്കറ്റാണ് ഒരു ക്യാപ്റ്റനെ സംബന്ധിച്ചിടത്തോളം യഥാര്‍ഥ പരീക്ഷണം. കാരണം ഒരു തെറ്റ് സംഭവത്തിച്ചാല്‍ അതു തിരുത്താന്‍ പിന്നീട് അവര്‍ക്കു അവസരം ലഭിച്ചെന്നു വരില്ല.  ഐപിഎല്ലിന്റെ കഴിഞ്ഞ 10 സീസണുകള്‍ക്കിടെ 43 ക്യാപ്റ്റന്‍മാരാണ് വിവിധ ടീമുകളെ നയിച്ചിട്ടുള്ളത്. ഇവരില്‍ എംഎസ് ധോണി, രോഹിത് ശര്‍മ, ഗൗതം ഗംഭീര്‍, വിരാട് കോലി എന്നിവരടക്കം ചില ക്യാപ്റ്റന്‍മാര്‍ മാത്രം ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ആരും ഓര്‍ക്കുക പോലും ചെയ്യാത്ത നായകന്‍മാരുമുണ്ട്. ഇത്തരത്തിലുള്ള അഞ്ചു ക്യാപ്റ്റന്‍മാര്‍ ഇവരാണ്.  ഷോണ്‍ പൊള്ളോക്ക് ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസ പേസര്‍ ഷോണ്‍ പൊള്ളോക്ക് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായിട്ടുണ്ട്. വെറും നാലു കളികളില്‍ മാത്രമേ അദ്ദേഹം ടീമിനെ നയിച്ചിട്ടുള്ളൂ. ഇതില്‍ മൂന്നെണ്ണത്തില്‍ മുംബൈ ജയിച്ചപ്പോള്‍ ഒന്നില്‍ പരാജയം നേരിട്ടു. 2008ലെ പ്രഥമ സീസണിലെ ഐപിഎല്ലിലാണ് പൊള്ളോക്ക് മുംബൈക്കൊപ്പമുണ്ടായിരുന്നത്. സീസണില്‍ 13 മല്‍സരങ്ങളില്‍ ടീമിനായി കളിച്ച അദ്ദേഹം 11 വിക്കറ്റുകള്‍ നേടുകയും ചെയ്തിരുന്നു. 147 റണ്‍സും പൊള്ളോക്ക് മുംബൈ ജഴ്‌സിയില്‍ നേടി. ഐപിഎല്ലില്‍ ടീമിനെ നയിച്ച ആദ്യ ദക്ഷിണാഫ്രിക്കന്‍ താരവും ആദ്യ പേസ് ബൗളറും കൂടിയാണ് പൊള്ളോക്ക്.  ജെയിംസ് ഹോപ്‌സ് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ജെയിംസ് ഹോപ്‌സ് ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ഡെര്‍ഡെവിള്‍സ്, പൂനെ വാരിയേഴ്‌സ് എന്നീ ടീമുകള്‍ക്കു വേണ്ടിയാണ് ഹോപ്‌സ് ഐപിഎല്ലില്‍ കളിച്ചിട്ടുള്ളത്. വെറും മൂന്നു കളികളില്‍ മാത്രമാണ് ഐപിഎല്ലില്‍ അദ്ദേഹം ക്യാപ്റ്റനായത്. ഇതില്‍ മൂന്നിലും ടീമിനു പരാജയം നരേരിട്ടു. മൂന്നു ടീമുകള്‍ക്കും വേണ്ടി ഐപിഎല്ലില്‍ 21 മല്‍സരങ്ങളിലാണ് ഹോപ്‌സ് കളിച്ചിട്ടുള്ളത്. 417 റണ്‍സും 14വിക്കറ്റുകളും താരത്തിന്റെ അക്കൗണ്ടിലുണ്ട്്. പഞ്ചാബിനു വേണ്ടിയായിരുന്നു ഐപിഎല്ലില്‍ ഹോപ്‌സിന്റെയും അരങ്ങേറ്റം. 2011ലെ ഐപിഎല്ലില്‍ ഡല്‍ഹിയിലെത്തിയ താരം ടീമിന്റെ വൈസ് ക്യാപ്റ്റനുമായി. സ്ഥിരം ക്യാപ്റ്റന്‍ വീരേന്ദര്‍ സെവാഗിന്റെ അഭാവത്തിലാണ് ഹോപ്‌സിന് ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചത്. നിലവില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ബൗളിങ് കോച്ചാണ് ഹോപ്‌സ്.  റോസ് ടെയ്‌ലര്‍ ന്യൂസിലന്‍ഡിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലര്‍ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, പൂന വാരിയേഴ്‌സ് എന്നീ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. എന്നാല്‍ ഒരേയൊരു മല്‍സരത്തില്‍ മാത്രമേ അദ്ദേഹം ക്യാപ്റ്റനായിട്ടുള്ളൂ. ഇതില്‍ ജയിക്കുകയും ചെയ്തു. 2013ലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേ പൂനെ വാരിയേഴ്‌സിനെയാണ് ടെയ്‌ലര്‍ നയിച്ചത്. ചെപ്പോക്കില്‍ നടന്ന കളിയില്‍ ചെന്നൈയെ പൂനെ ഞെട്ടിക്കുകയും ചെയ്തു. 100 ആണ് ക്യാപ്റ്റനെന്ന നിലയില്‍ ടെയ്‌ലറുടെ വിജയശതമാനം. ഐപിഎല്‍ ചരിത്രത്തിലെ തന്നെ 100 ശതമാനം വിജയറെക്കോര്‍ഡുള്ള ഏക ക്യാപ്റ്റനും കൂടിയാണ് അദ്ദേഹം.  പാര്‍ഥീവ് പട്ടേല്‍ ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേലിനും ഐപിഎല്ലില്‍ ക്യാപ്റ്റനാവാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. ഒരു മല്‍സരത്തില്‍ മാത്രം ഒതുങ്ങുന്നതാണ് പാര്‍ഥീവിന്റെ ക്യാപ്റ്റന്‍സി. ഇതിലാവട്ടെ ടീം പരാജയമേറ്റുവാങ്ങുകയും ചെയ്തു. 2011ല്‍ കേരളത്തിന്റെ സ്വന്തം ടീമായിരുന്ന കൊച്ചി ടസ്‌കേഴ്‌സിനെയാണ് പാര്‍ഥീവ് ഐപിഎല്ലില്‍ നയിച്ചത്. ഈ കളിയില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനോട് കൊച്ചി തോല്‍ക്കുകയും ചെയ്തു. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചിട്ടുള്ളത്. 119 ഐപിഎല്‍ മല്‍സരങ്ങളില്‍ നിന്നും 2322 റണ്‍സാണ് പാര്‍ഥീവിന്റെ സമ്പാദ്യം. ഐപിഎല്ലില്‍ ഏറ്റവുമധികം ടീമുകള്‍ക്കായി കളിച്ച രണ്ടാമത്തെ താരം കൂടിയാണ് അദ്ദേഹം. ആറു ടീമുകളുടെ ജഴ്‌സി പാര്‍ഥീവ് അണിഞ്ഞിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ചാണ് ഈ നേട്ടം കൈവരിച്ച മറ്റൊരു താരം. ചെന്നൈ സൂപ്പര്‍കിങ്‌സ്, കൊച്ചി ടസ്‌കേഴ്‌സ് കേരള, ഡെക്കാന്‍ ചാര്‍ജേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകള്‍ക്കു വേണ്ടിയാണ് പാര്‍ഥീവ് കളിച്ചിട്ടുള്ളത്.  ഡ്വയ്ന്‍ ബ്രാവോ വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ഐപിഎല്ലില്‍ ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞ മറ്റൊരു താരം. ഒരു മല്‍സരത്തിലാണ് അദ്ദേഹം ടീമിനെ നയിച്ചത്. അതില്‍ പരാജയമേറ്റുവാങ്ങുകയും ചെയ്തു. ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ഐക്കണ്‍ താരങ്ങളിലൊരാളായ ബ്രാവോ മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകള്‍ക്കു വേണ്ടിയും നേരത്തേ കളിച്ചിട്ടുണ്ട്. മികച്ച ബാറ്റ്‌സ്മാനും ഫീല്‍ഡറും ബൗളറുമെല്ലാമാണ് ബ്രാവോ. 2010ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സിനെയാണ് അദ്ദേഹം നയിച്ചത്. ഇതോടെ ഐപിഎല്‍ ക്യാപ്റ്റനായ ആദ്യ വിന്‍ഡീസ് താരമായും ബ്രാവോ മാറിയിരുന്നു. ഇതിഹാസ താരവും സ്ഥിരം ക്യാപ്റ്റനുമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അഭാവത്തിലാണ് കെകെആറിനെതിരേ ബ്രാവോയ്ക്ക് ടീമിനെ നയിക്കാന്‍ നറുക്ക് വീണത്.

0 comments:

Post a Comment