അധികൃതരോട് വിചിത്ര ‘ആവശ്യവുമായി’ ധോണി:



ഐപിഎല്ലില്‍ രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം തിരിച്ചെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് പുതിയ പ്രതീക്ഷയിലാണ്. രണ്ട് സൂപ്പര്‍ ടീമുകളെ സൂപ്പറായി തോല്‍പ്പിച്ചതിലൂടെ ധോണിക്കും കൂട്ടര്‍ക്കും ലഭിച്ച ആത്മവിശ്വാസം ചില്ലറയല്ല. ചെപ്പോക്കിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരേ പരാജയത്തിന്റെ വക്കില്‍ നിന്നാണ് ചെന്നൈ മഞ്ഞക്കിളികള്‍ പറന്നുയര്‍ന്നത്.2015 മെയിലാണ് ഈ സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് അവസാനമായി കളിച്ചത്. പിന്നീട്, ഒത്തുകളി വിവാദത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയതിന് ശേഷം ഈ സീസണിലാണ് വീണ്ടും ചെന്നൈ പാഡണിയുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരുന്നത് ജയത്തോടെയായത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണെന്നാണ് ധോണി വ്യക്തമാക്കിയത്202 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് കൊല്‍ക്കത്തയ്‌ക്കെതിരേ ഉഗ്രന്‍ പ്രകടനം കാഴ്ചവെക്കേണ്ടി വന്നു. സാം ബില്ലിങ്‌സിന്റെ അര്‍ധ സെഞ്ച്വറിയും വാട്‌സന്റെ 42 റണ്‌സും റായിഡുവിന്റെ 39 റണ്‍സും ചെന്നൈ ജയത്തില്‍ നിര്‍ണായകമായപ്പോള്‍ 14 സിക്‌സുകളാണ് സ്‌റ്റേഡിയത്തിലേക്ക് ചെന്നൈ പറത്തിയത്. എന്നാല്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത അടിച്ചു കൂട്ടിയത് 17 സിക്‌സുകളാണ്. ഇതില്‍ 11 ഉും പിറന്നത് വെസ്റ്റിന്ത്യന്‍ താരം ആന്ദ്രെ റസലിന്റെ ബാറ്റില്‍ നിന്നാണ്. 36 ബോളില്‍ നിന്ന് 88 റണ്‍സെടുത്ത റസലിന്റെ ബാറ്റിങ്ങിനിടയില്‍ പറന്ന പല സിക്‌സുകളും ചെന്ന് പതിച്ചത് സ്റ്റേഡിയത്തിന് പുറത്തായിരുന്നു.ചെന്നൈ ക്യാപ്റ്റന്‍ ധോണി ഇക്കാര്യം ശ്രദ്ധിക്കുകയും ചെയ്തിരുന്നു. മത്സരത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം ധോണി സൂചിപ്പിക്കുകയും ചെയ്തു. അതായത്, സ്റ്റേഡിയത്തിന് പുറത്ത് പോകുന്ന സിക്‌സുകള്‍ക്ക് രണ്ട് റണ്‍സ് കൂടുതല്‍ നല്‍കണമെന്നാണ് ഐപിഎല്‍ അധികൃതരോട് ധോണി തമാശ പറഞ്ഞത്.

0 comments:

Post a Comment