ചെന്നൈയ്ക്ക് തിരുവനന്തപുരം ഹോം ഗ്രൗണ്ട്? സത്യം ഇതാണ്



ചെന്നൈ: കാവേരി പ്രശ്‌നവുമായി ബന്ധപ്പെട്ട് ഐപിഎല്ലില്‍ സിഎസ്‌കെയുടെ ഹോം മത്സരങ്ങള്‍ തടയാനുളള നീക്കങ്ങള്‍ തമിഴ്‌നാട്ടില്‍ ശക്തി പ്രാപിക്കുന്നതിനിടെ ചെന്നൈയില്‍ നിന്ന് ഹോം മത്സരങ്ങള്‍ മാറ്റാന്‍ ആലോചിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. തിരുവനന്തപുരം അടക്കമുളള സൗകര്യപ്രദമായ മറ്റൊരു വേദിയിലേക്ക് ഹോം മത്സരങ്ങള്‍ മാറ്റാനാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആലോചിക്കുന്നത്.  ഈ മാസം പത്തിന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ചെന്നെയുടെ ആദ്യ ഹോം മല്‍സരം. നേരത്തേയും തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തെ ചില ഐപിഎല്‍ ടീമുകള്‍ ഹോം ഗ്രൗണ്ടാക്കാന്‍ ആലോചിച്ചിരുന്നു.  കാവേരി ബോര്‍ഡ് രൂപീകരിക്കുന്നതുവരെ ചെന്നൈയില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നാണാണ് നിരവധി തമിഴ് ദ്രാവിഡ രാഷ്ട്രീയ കക്ഷികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കാവേരി പ്രശ്‌നത്തില്‍ പ്രതിഷേധമറിയിക്കുന്നതിനുള്ള മാര്‍ഗമായി ഐപിഎല്‍ മത്സരങ്ങള്‍ തടയാനാണ് സമരക്കാരുടെ തീരുമാനം.  ഏപ്രില്‍ 10ന് ചെന്നൈയില്‍ നടക്കുന്ന മല്‍സരം ബഹിഷ്‌കരിച്ച് പ്രതിഷേധം രാജ്യാന്തര ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന അഭിപ്രായവും സമരക്കാര്‍ക്കിടയില്‍ ഉയരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായി.  ഐപിഎല്‍ മല്‍സരം റദ്ദാക്കണമെന്നും എതിര്‍പ്പ് അവഗണിച്ചു നടത്തിയാല്‍ വന്‍ പ്രതിഷേധമുയര്‍ത്തുമെന്നും ചില തീവ്ര തമിഴ് സംഘടനകള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇതിനെ പിന്തുണച്ചു സംവിധായകന്‍ ഭാരതി രാജയും രംഗത്തെത്തി.  മല്‍സരം ബഹിഷ്‌കരിച്ചു പ്രതിഷേധം ലോക ശ്രദ്ധയിലെത്തിക്കാമെന്ന ആശയം മുന്നോട്ടുവച്ചത് സംവിധായകന്‍ ജയിംസ് വസന്തനാണ്. തമിഴ്‌നാട്ടിലെ ഏഴരക്കോടി ജനങ്ങള്‍ക്കുവേണ്ടി ഇതിനകം ടിക്കറ്റെടുത്ത അര ലക്ഷം പേര്‍ ഈ ത്യാഗം സഹിക്കണമെന്ന് അദ്ദേഹം ബ്ലോഗില്‍ കുറിച്ചു. ഇരുപക്ഷത്തെയും അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയും കൊഴുക്കുകയാണ്.  രണ്ടു വര്‍ഷത്തെ വിലക്കിനുശേഷമാണു ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്ലിലേക്കു തിരിച്ചുവരുന്നത്

0 comments:

Post a Comment