Showing posts with label HOT NEWS. Show all posts
Showing posts with label HOT NEWS. Show all posts
മമ്മൂട്ടി ചിത്രം സ്ട്രീറ്റ്‌ലൈറ്റ്‌സ് വെള്ളിയാഴ്ച്ച തിയേറ്ററുകളിലെത്തും. നവാഗതനായ ഷംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മുഴുനീള ആക്ഷന്‍ നെടുനീളന്‍ ഡയലോഗുകളുമുള്ള മാസ് ചിത്രമല്ല സ്ട്രീറ്റ്‌ലൈറ്റ്‌സ് എന്ന് സംവിധായകന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചിത്രത്തെക്കുറിച്ച് ആരാധകര്‍ ഹൈപ്പ് സൃഷ്ടിച്ചതിന്റെ പശ്ചാത്തലത്തില്‍ അമിത പ്രതീക്ഷ ഉണ്ടാവാതിരിക്കാനാണ് സംവിധായകന്‍ ഇങ്ങനെ ഒരു വിശദീകരണവുമായി രംഗത്ത് വന്നത്.എന്താണ് സ്ട്രീറ്റ്‌ലൈറ്റ്‌സിന്റെ പ്രത്യേകത എന്ന് തിരക്കഥാകൃത്ത് ഫവാസ് മുഹമ്മദിനോട് ചോദിച്ചു അദ്ദേഹം സൗത്ത്‌ലൈവിന് നല്‍കിയ ഉത്തരം ഇതാണ്.മമ്മൂട്ടി എന്ന മെഗാസ്റ്റാറിനെ മനസ്സില്‍ കണ്ട് നിര്‍മ്മിച്ച ചിത്രമല്ല സ്ട്രീറ്റ്‌ലൈറ്റ്‌സ്. ഇതിന്റെ തിരക്കഥ എഴുതുമ്പോള്‍ എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും കാണാന്‍ കഴിയുന്ന ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രമായിട്ടാണ് വിഭാവനം ചെയ്തത്. ചിത്രത്തിന്റെ ട്രെയിലറിലും ടീസറിലുമൊക്കെ ഫൈറ്റും വെടിവെപ്പുമൊക്കെ ഉള്ളത് കൊണ്ട് ഇത് ആ ജോണറിലുള്ള സിനിമയാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ട്.പക്ഷെ, മമ്മൂട്ടി എന്ന നടന്റെ താരപരിവേഷം കൊണ്ടല്ല മറിച്ച് കഥ കൊണ്ടായിരിക്കും ഈ ചിത്രം കൂടുതല്‍ ശ്രദ്ധിക്കപ്പെടുക. മമ്മൂട്ടിക്കൊരു താരപരിവേഷമുണ്ട്, അതിനെ അവിടെ നിര്‍ത്തിക്കൊണ്ട് താരപരിവേഷത്തെ ചൂഷണം ചെയ്യാതെയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍, മമ്മൂട്ടി ഫാന്‍സിന് സിനിമ കണ്ടാല്‍ നിരാശ വരില്ല. ആരാധകര്‍ക്കായുള്ള ചേരുവകളും സിനിമയില്‍ ചേര്‍ത്തിട്ടുണ്ട്. സിനിമ അടിച്ചുപൊളിക്കാന്‍ മാത്രമുള്ളതല്ല, ആസ്വദിക്കാന്‍ കൂടി ഉള്ളതാണെന്നതാണ് ഞങ്ങളുടെ ആശയം.ആരാധകര്‍ക്ക് മാത്രം ആസ്വദിക്കാനുള്ള സിനിമ എന്നതില്‍നിന്ന് മാറി എല്ലാവര്‍ക്കും ആസ്വദിക്കാന്‍ എന്ന കോണ്‍സെപ്റ്റാണ് ഞങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നത്. മമ്മൂട്ടി സെന്‍ട്രിക്ക് അല്ല സ്ട്രീറ്റ്‌ലൈറ്റ്‌സ്, സ്‌റ്റോറി സെന്‍ട്രിക്ക് ആണെന്ന് ചുരുക്കം.പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രം ആദിയുമായി സ്ട്രീറ്റ്ലൈറ്റിനു മത്സരം വരുന്നത് ആശങ്കാജനകമാണ്. ആദിയ്ക്കാണ് ഹൈപ്പ് കൂടുതല്‍ സ്ട്രീറ്റ്ലൈറ്റ്സിനു വേണ്ടി അത്ര ഹൈപ്പൊന്നും സൃഷ്ടിച്ചിട്ടില്ല. പ്രേക്ഷകര്‍ അറിഞ്ഞ് ഇഷ്ടപ്പെട്ടു സ്വീകരിക്കുമെന്നാണ് വിശ്വാസം.

ന്യൂഡൽഹി: വിവാദമായ ഹാദിയ കേസിൽ ഷെഫിൻ ജഹാൻ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതിയുടെ നിർണ്ണായക തീരുമാനം. ഹാദിയയുടെ വിവാഹം റദ്ദാക്കാൻ കോടതിക്ക് സാധിക്കില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കേസിൽ ഹാദിയയ്ക്ക് കക്ഷി ചേരാമെന്ന് കോടതി വ്യക്തമാക്കി.പ്രായപൂർത്തിയായ പെൺകുട്ടി നേരിട്ട് വന്ന് പറയുമ്പോൾ, ആ വിവാഹം റദ്ദാക്കാൻ കോടതിക്ക് എന്താണ് അധികാരമെന്ന് കോടതി ചോദിച്ചു. ഷെഫിൻ ജഹാനുമായുള്ള ഹാദിയയുടെ വിവാഹത്തെ കുറിച്ച് അന്വേഷണം നടത്താൻ ദേശീയ അന്വേഷണ ഏജൻസിക്ക് സാധിക്കില്ലെന്നും കോടതി പറഞ്ഞു. ഹാദിയയുമായുളള തന്റെ വിവാഹം അംഗീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഷെഫിൻ ജഹാൻ സുപ്രീം കോടതിയെ സമീപിച്ചത്.സുപ്രീംകോടതിയിൽ ഒന്നാം നമ്പർ കോടതിയിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മാതാപിതാക്കൾക്കൊപ്പം ഹാദിയയെ വിട്ടയച്ച ഹൈക്കോടതി വിധി രണ്ട് മാസം മുൻപാണ് സുപ്രീംകോടതി റദ്ദാക്കിയത്. നവംബർ 27 ന് ഹാദിയയെ സേലത്ത് ഇവർ പഠിച്ചിരുന്ന കോളേജിൽ പഠനം പൂർത്തീകരിക്കാനായി വിട്ടയക്കുകയായിരുന്നു.മതംമാറ്റം വിവാദമായതോടെ ഹാദിയ കേസ് ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. ഷെഫിൻ ജഹാന് തീവ്രവാദ ബന്ധം ഉണ്ടെന്നതടക്കം ഹാദിയയുടെ അച്ഛൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങളും ദേശീയ അന്വേഷണ ഏജൻസിയുടെ റിപ്പോർട്ടും സുപ്രീംകോടതി വാദം കേൾക്കുന്നതിനിടെ തള്ളി. വിവാഹം രണ്ട് വ്യക്തികളുടെ മാത്രം തീരുമാനമാണെന്നും അതിൽ ഇടപെടാൻ കോടതിക്ക് സാധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇരുവരുടെയും വിവാഹം നേരത്തേ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു.