ഇനി വില്ല്യംസണിന്റെ ഹൈദരാബാദ്...



ഹൈദരാബാദ്: ഐപിഎല്ലിന്റെ പുതിയ സീസണില്‍ മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ന്യൂസിലന്‍ഡ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ കെയ്ന്‍ വില്ല്യംസണ്‍ നയിക്കും. പന്തത് ചുരണ്ടല്‍ സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണറും മുന്‍ ക്യാപ്റ്റനുമായ ഡേവിഡ് വാര്‍ണര്‍ക്ക് വിലക്ക് വന്നതോടെയാണ് പകരക്കാരനായി വില്ല്യംസണിനെ നിയമിച്ചത്. ട്വിറ്ററിലൂടെയാണ് വില്ല്യംസണിനെ ക്യാപ്റ്റനായി തിരഞ്ഞെടുത്ത വിവരം ഹൈദരാബാദ് അറിയിച്ചത്. ഈ സീസണിലേക്കു മാത്രമാണ് അദ്ദേഹത്തിനു ചുമതല നല്‍കിയി
രിക്കുന്നത്. വിലക്ക് കഴിഞ്ഞ് അടുത്ത സീസണില്‍ വാര്‍ണര്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയാല്‍ അദ്ദേഹത്തിനു നായകസ്ഥാനം തിരികെ നല്‍കുമെന്നാണ് ഇതു നല്‍കുന്ന സൂചന.ഹൈദരാബാദിന്റെ താല്‍ക്കാലിക ക്യാപ്റ്ററനെന്ന ചുമതല താന്‍ ഏറ്റെടുക്കുന്നതായി വില്ല്യംസണ്‍ ട്വീറ്റ് ചെയ്തു. ഇത്രയും പ്രതിഭാശാലികളായ താരങ്ങളുള്‍പ്പെടുന്ന ടീമിനെ നയിക്കുകയെന്നത് വളരെ ആവേശം നല്‍കുന്ന കാര്യമാണ്. വരാനിരിക്കുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്നും വില്ല്യംസണ്‍ ട്വിറ്ററില്‍ കുറിച്ചു. പന്ത് ചുരണ്ടല്‍ സംഭവത്തില്‍ ഡേവിഡ് വാര്‍ണറെ ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയതോടെയാണ് ഐപിഎല്ലില്‍ നിന്നും താരത്തെ ബിസിസിഐയും വിലക്കിയത്.2015ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേയാണ് വില്ല്യംസണ്‍ ഐപിഎല്ലില്‍ അരങ്ങേറിയത്. ഇതുവരെ ഐപിഎല്ലില്‍ 15 മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തിനു കളിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളൂ. മൂന്നു ഫിഫ്റ്റികളുള്‍പ്പെടെ 31.62 ശരാശരിയില്‍ 411 റണ്‍സാണ് വില്ല്യംസണിന്റെ സമ്പാദ്യം. നേരത്തേ വാര്‍ണര്‍ക്കു പകരം ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഹൈദരാബാദിന്റെ ക്യാപ്റ്റനായേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായാണ് വില്ല്യംസണിനു നറുക്കുവീണത്.

0 comments:

Post a Comment