സേവാഗ്–ഗംഭീർ സഖ്യം ‘പാരയായി’;



ക്രിക്കറ്റ് എല്ലാവരോടുമൊന്നും നീതി കാണിക്കില്ല. മികവിന്റെ മൈൽക്കുറ്റികൾ എത്ര താണ്ടിയാലും ചിലർ പുറത്തു തന്നെയായിരിക്കും. ഇക്കൂട്ടത്തിൽ ആദ്യ പന്തിയിലിരിക്കേണ്ടയാളാണ് മുൻ ഇന്ത്യൻ ടെസ്റ്റ് ഓപ്പണർ വസീം ജാഫർ. ആഭ്യന്തര ക്രിക്കറ്റിലെ ഈ വടവൃക്ഷം അവസാന രാജ്യാന്തര മൽസരം കളിച്ചിട്ടുതന്നെ 10 വർഷമായി. ദേശീയ ടീമിൽ ഇടം കിട്ടിയാലും ഇല്ലെങ്കിലും ക്രിക്കറ്റിനോടുള്ള അഗാധ പ്രണയം തുടർന്ന് ജാഫറിന്റെ ബാറ്റ് ശബ്ദിച്ചുകൊണ്ടിരിക്കുകയാണ്, നാൽപത്തൊന്നാം വയസ്സിലും. 286 റൺസുമായി വിദർഭയ്ക്ക് ഇറാനി കപ്പ് സമ്മാനിച്ചതാണ് പുതിയ വാർത്ത. കുറെ റെക്കോർഡുകൾകൂടെ അടിച്ചിട്ടു ജാഫർ ആ ഇന്നിങ്സിലൂടെ.   100 രാജ്യാന്തര ടെസ്റ്റെങ്കിലും കളിക്കാൻ ശേഷിയുള്ള ഈ മുംബൈക്കാരന്റെ കരിയർ 31 രാജ്യാന്തര ടെസ്റ്റിൽ നിന്നുപോയത് ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളിലൊന്നാണ്.   സമവാക്യം ശരിയായില്ല   കളിയെക്കാൾ ടീം സമവാക്യങ്ങൾ നിർണായകമാകാറുണ്ട് ക്രിക്കറ്റിൽ. ഒരു പൊസിഷനിൽ ഒരു ജോടി ക്ലിക്കായാൽ പിന്നെ കുറെക്കാലത്തേക്ക് അവർക്കുതന്നെ അവസരം. ഈ ഇക്വേഷനുകളിൽ പെടാതെ പോയതാണ് മോശമല്ലാത്ത പ്രകടനം നടത്തിയിട്ടും ജാഫറിന് അധികനാൾ ടീം ഇന്ത്യയിൽ തുടരാനാകാതെ പോയത്. ഇന്ത്യയ്ക്ക് ടെസ്റ്റിൽ സ്ഥിരം ഓപ്പണർമാരില്ലാത്ത കാലത്താണ് ദേവാംങ് ഗാന്ധിയെപ്പോലെ, സദഗോപൻ രമേഷിനെപ്പോലെ, എസ്.എസ്. ദാസിനെപ്പോലെ വസീം ജാഫറും ടീമിലെത്തിയത്. വിരേന്ദർ സേവാഗിന്റെ ഉദയവും പറ്റിയ കൂട്ടായി ഗൗതം ഗംഭീറിന്റെ രംഗപ്രവേശനവുമായതോടെയാണ് ടീമിന്റെ വാതിൽ ജാഫറിനു മുന്നിൽ താഴിട്ടു പൂട്ടിയത്. ഇത്ര പ്രതിഭാശാലിയായ കളിക്കാരൻ രാജ്യാന്തര ക്രിക്കറ്റിൽ ഏറെ കളിക്കാത്തതിന്റെ നഷ്ടം ക്രിക്കറ്റിനു തന്നെയാണെന്നു പറയേണ്ടിവരും. നാൽപത്തൊന്നാം വയസ്സിൽ 286 റൺസ് എടുത്ത കളി കണ്ടു നോക്കണം. എത്ര അനായാസമാണ് അദ്ദേഹം ഷോട്ടുകൾ കളിക്കുന്നത്. ഫീൽഡിലുണ്ടായിരുന്ന പൃഥ്വി ഷായെപ്പോലുള്ള യുവതാരങ്ങൾക്ക് അരികിൽനിന്ന് കണ്ടുപഠിക്കാനുള്ള കോച്ചിങ് ക്ലാസുപോലെയായിരുന്നു ആ ഇന്നിങ്സ്.   ബാറ്റിങ് മാത്രം   ക്രിക്കറ്റിൽ പഴയ സ്കൂളിലെ താരമാണ് ജാഫർ. ബാറ്റിങ് മാത്രം ഇഷ്ടം. നെറ്റ്സിൽകൂടി ബോൾ ചെയ്യാൻ താൽപര്യമില്ലാത്തയാൾ. പാഡു കെട്ടിയിറങ്ങിയാൽ ആളു പുലി. പക്ഷേ നിൽപ്പിലും നടപ്പിലുമൊക്കെ ഉദാസീനൻ. ഫീൽഡിലും തണുപ്പൻ. നേരെ നിൽക്കാനും ഉഷാറായി ഓടാനും അദ്ദേഹത്തെ ചെറുപ്രായത്തിലേ നിർബന്ധിക്കാറുണ്ടായിരുന്നുവെന്ന് ആദ്യകോച്ചുകളിലൊരാൾ ഓർക്കുന്നു. ‘ അരമണിക്കൂർ ജാഫർ പ്രചോദനത്തിൽ ഉണരും. പിന്നെ മറന്നുപോകും’. ഒരുപക്ഷേ ഈ ശരീരഭാഷയും ജാഫറിനെ പിന്നോട്ടടിച്ചിരിക്കാം. കളിച്ച 31 ടെസ്റ്റുകളിൽനിന്ന് 1806 റൺസാണ് നേടിയത്. രണ്ട് ഇരട്ട സെഞ്ച്വറികളടക്കം അഞ്ച് സെഞ്ച്വറികളുണ്ടായിരുന്നു. ടീം ഇന്ത്യയെന്ന മോഹം പൊലിഞ്ഞിട്ടും ക്രിക്കറ്റിനോടുള്ള പ്രതിബദ്ധത ജാഫർ വെടിഞ്ഞില്ല. ഇനിയൊന്നും തെളിയിക്കാനില്ലാതിരുന്നിട്ടും അദ്ദേഹം റൺസുകൊണ്ട് കൊട്ടാരം പണിയുകയാണ്. വിദർഭയ്ക്കുവേണ്ടിയാണ് ഇപ്പോൾ രഞ്ജിയിൽ പാഡണിയുന്നത്. ഇത്തവണ ചാംപ്യൻമാരാക്കുന്നതിലും ഇപ്പോൾ ഇറാനി ട്രോഫി സമ്മാനിക്കുന്നതിലും മുന്നിൽ നിന്നത് മറ്റാരുമല്ല.   ഇറാനി ട്രോഫിയിൽ ജാഫർ കളിച്ചത് 200 റൺസിന് മുകളിൽ സ്‌കോർ ചെയ്യുന്ന എട്ടാമത് ഇന്നിങ്‌സാണ്. ആകെ 53 ഫസ്റ്റ് ക്ലാസ് സെഞ്ച്വറികളുണ്ട് പോക്കറ്റിൽ. ഈ സീസണിൽ രഞ്ജിയിൽ നേടിയത് 54 റൺസ് ശരാശരിയിൽ 595 റൺസ്. ഏതെങ്കിലും യുവതാരമാണെങ്കിൽ ഇന്ത്യൻ ടീമിലേക്കു വിളിവരാൻ പറ്റിയ കാരണം. രഞ്ജിയിലാകെ 10,585 റൺസാണ് ജാഫർ നേടിയത്. ഇതിൽ 36 സെഞ്ച്വറികളുണ്ട്. കഴിഞ്ഞ സീസണിൽ പരുക്കുകാരണം കളിക്കാൻ പറ്റിയില്ലെങ്കിലും ഈ സീസണിൽ പൂർവാധികം ശക്തിയോടെയാണ് ജാഫർ തിരിച്ചുവന്നത്. വിരമിക്കലിനെക്കുറിച്ചൊന്നും ജാഫർ സൂചന നൽകുന്നില്ല. അദ്ദേഹം കളിക്കട്ടെ മതിയാകുവോളം...

0 comments:

Post a Comment