റോയൽ ‘മെയ്ക്ക് ഓവർ’



മാര്‍ട്ടിന്‍ ഗപ്ടില്‍, ജോ റൂട്ട്, ഹാഷിം അംല തുടങ്ങിയ വന്‍തോക്കുകള്‍ക്കു സാധ്യത കല്‍പിക്കപ്പെട്ടെങ്കിലും സ്മിത്തിന്റെയും വാര്‍ണറുടെയും പകരക്കാരാകാനുള്ള നിയോഗം ഹെന്‍റിച്ച് ക്ലാസനും അലക്‌സ് ഹെല്‍സിനും. രാജസ്ഥാന്‍ റോയല്‍സ് ക്ലാസനുമായും സണ്‍റൈസേഴ്‌സ് ഹെയ്ല്‍സുമായും കരാറിലെത്തി. ഇരുവരും ഉടനെതന്നെ ഇന്ത്യയിലെത്തും. ഇന്ത്യയുമായി നടന്ന ഏകദിന പരമ്പരയിലാണ് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പറായ ക്ലാസന്‍ അരങ്ങേറുന്നത്. അതിനാല്‍ തന്നെ ജനുവരിയിലെ ലേലത്തില്‍ ഉള്‍പ്പെട്ടിട്ടില്ലായിരുന്നു. ചഹലിനെയും കുല്‍ദീപിനെയും സിക്‌സറുകള്‍ പറത്തിയ പ്രകടനമാണ് ക്ലാസന്റെ തലവരമാറ്റിയത്. മറ്റു ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ രണ്ട് കൈക്കുഴ ബോളര്‍മാരെയും കളിക്കാന്‍ പാടുപെട്ടപ്പോള്‍ ക്ലാസന്‍ നിര്‍ഭയം ഇരുവരെയും കണക്കിനു ശിക്ഷിച്ചു. ഇന്ത്യന്‍ പിച്ചുകളിലും സ്പിന്നര്‍മാരെ പറത്തുക തന്നെയാകും ക്ലാസന്റെ നിയോഗം. 50 ലക്ഷം രൂപയ്ക്കാണ് കരാറിലെത്തിയത്. ഡി കോക്ക് തിരിച്ചെത്തിയതോടെ വീണ്ടും സൈഡ് ബഞ്ചില്‍ ഇരിക്കേണ്ടി വന്ന ക്ലാസന് ക്ലാസ് തെളിയിക്കാന്‍ കിട്ടിയ സുവര്‍ണാവസരമാണ് ഐപിഎല്‍. സ്മിത് അടുത്ത വര്‍ഷം മടങ്ങിയെത്തിയാലും ടീമില്‍ നിലനിര്‍ത്താവുന്ന താരം എന്നനിലയ്ക്കാണ് രാജസ്ഥാന്‍ ക്ലാസന് അവസരം നല്‍കിയത്. സ്മിത്തിനെപ്പോലെ വണ്‍ ഡൗണ്‍ കളിക്കുന്ന ജോ റൂട്ടിനെ പരിഗണിക്കാതിരുന്നതും അതുകൊണ്ടുതന്നെ. സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍ എന്നിവര്‍ക്കൊപ്പം മൂന്നാമതൊരു വിക്കറ്റ് കീപ്പര്‍കൂടി രാജസ്ഥാന്‍ നിരയിലെത്തി.   അലക്‌സ് ഹെയ്ല്‍സിനെ ലേലത്തില്‍ ആരും പരിഗണിക്കാതിരുന്നതിലായിരുന്നു അതിശയം. ഇംഗ്ലണ്ടിനായി രാജ്യന്തര ട്വന്റി 20 യില്‍ സെഞ്ച്വറി നേടിയ ഒരേയൊരു താരമാണ് ഹെയ്ല്‍സ്. പോരാത്തതിന് ഇപ്പോള്‍ നല്ല ഫോമിലും. ടി 20യില്‍ 136 റണ്‍സ് സ്‌ട്രൈക് റേറ്റുള്ള താരത്തിന് വാര്‍ണറിന്റെ ചുമതലയേറ്റെടുക്കുന്നത് വലിയ വെല്ലുവിളിയാകും. ശിഖര്‍ ധവാനൊപ്പം ഓപ്പണറുടെ റോളില്‍ തന്നെയാകും ഹെയ്ല്‍സിനെ ഇറക്കുക. ഒരു കോടി രൂപയ്ക്കാണ് സണ്‍റൈസേഴ്‌സ് കരാര്‍ ഒപ്പിട്ടത്

0 comments:

Post a Comment