ഷമി ഈസ് ബാക്ക്...



ദില്ലി: ഭാര്യ ഹസിന്‍ ജഹാന്റെ ആരോപണങ്ങളും തുടര്‍ന്നുള്ള പോലീസ് അന്വേഷണവുമെല്ലാം അതിന്റെ വഴിക്കു നീങ്ങവെ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി കളിക്കളത്തിലേക്കു തിരിച്ചുവരാന്‍ തയ്യാറെടുക്കുന്നു. ശനിയാഴ്ച ആരംഭിക്കുന്ന ഐപിഎല്ലിന്റെ പതിനൊന്നാം സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു വേണ്ടി കളിക്കാനൊരുങ്ങുകയാണ് അദ്ദേഹം. വാതുവയ്പുകാരുമായി ചേര്‍ന്ന് ഒത്തുകളിച്ചെന്ന ഭാര്യയുടെ ആരോപണത്തെ തുടര്‍ന്ന് ബിസിസിഐ ഷമിക്കെതിരേ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ സാധൂകരിക്കുന്ന ഒരു തെഴളിവും ബിസിസിഐക്കു ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് അദ്ദേഹത്തിന് ഐപിഎല്ലില്‍ കളിക്കാന്‍ അനുമതി നല്‍കിയത്.കഴിഞ്ഞ ദിവസം ഷമി ഡല്‍ഹിയുടെ പരിശീലന ക്യാംപിനൊപ്പം ചേര്‍ന്നു. ദിവസങ്ങള്‍ക്കു മുമ്പ് ഒരു വാഹനാപകടത്തില്‍ താരത്തിനു നിസാര പരിക്കുകള്‍ പറ്റിയിരുന്നു. ഷമിയുടെ കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഡെറാഡൂണില്‍ നിന്നും പരിശീലനം കഴിഞ്ഞ് ദില്ലിയിലേക്കു തിരിക്കവെയായിരുന്നു സംഭവം നടന്നത്. തലയ്ക്കു ചെറിയ പരിക്കേറ്റതിനാല്‍ ബാന്‍ഡ് എയ്ഡ് ചുറ്റിയാണ് 28 കാരനായ ഷമി ഡല്‍ഹി ടീമംഗങ്ങള്‍ക്കൊപ്പം അല്‍പ്പനേരം പരിശീലനം നടത്തിയത്. പരിക്ക് പൂര്‍ണമായി ഭേദമാവാത്തതിനാല്‍ കുറച്ചു നേരം ക്യാച്ചിങ് പ്രാക്ടീസ് നടത്തിയ ശേഷം താരം വിശ്രമിക്കുകയായിരുന്നു.ഭാര്യ ഹസിന്‍ ജഹാന്റെ ഗുരുതരമായ ആരോപണങ്ങളെ തുടര്‍ന്നു ഒരു ഘട്ടത്തില്‍ ഷമിക്ക് ഐപിഎല്‍ നഷ്ടമാവുമെന്ന് വരെ സൂചനയുണ്ടായിരുന്നു. എന്നാല്‍ ബിസിസിഐ ക്ലീന്‍ ചിറ്റ് നല്‍കിയതോടെ താരം ഐപിഎല്ലില്‍ തിരിച്ചെത്തുകയായിരുന്നു. ആരോപണമുയര്‍ന്ന ശേഷം സെന്‍ട്രല്‍ കരാര്‍ നല്‍കുന്നത് മരവിപ്പിച്ച ബിസിസിഐ പിന്നീട് തീരുമാനം മാറ്റി ഷമിക്ക് കരാര്‍ നല്‍കുകയും ചെയ്തിരുന്നു.

0 comments:

Post a Comment