നരെയ്‌നില്ലാതെ എന്ത് കൊല്‍ക്കത്ത?



കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ ആരാധകരെ ആവേശത്തിലാക്കി ഫ്രാഞ്ചൈസി ഡയറക്ടറുടെ ഉറപ്പ്. ഐപിഎല്ലിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആരാധകരെ പ്രധാനമായും ആശങ്കയിലാക്കിയത് രണ്ടു കാര്യങ്ങളായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നിന്റെയും ഓസ്‌ട്രേലിയന്‍ വംശജനായ ബാറ്റ്‌സ്മാന്‍ ക്രിസ് ലിന്നിന്റെയും പ്രാതിനിധ്യം സംബന്ധിച്ചായിരുന്നു ആശങ്കയുണ്ടായിരുന്നത്.പാകിസ്താന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിനിടെ സംശയാസ്പദമായ ബൗളിങ് ആക്ഷന്റെ പേരില്‍ നരെയ്‌ന് ബൗളിങ് വിലക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഐപിഎല്ലിലെ മുഴുവന്‍ മല്‍സരങ്ങളിലും താരം കൊല്‍ക്കത്തയ്ക്കു വേണ്ടി കളിക്കുമെന്ന് ടീം ഡയറക്ടറായ വെങ്കി മൈസൂര്‍ വ്യക്തമാക്കി. ഐപിഎല്‍ അധികൃതരുമായി ഇതു സംബന്ധിച്ചു ചര്‍ച്ച ചെയ്തിരുന്നു. അതുകൊണ്ടു തന്നെ നരെയ്ന്‍ തീര്‍ച്ചയായും കൊല്‍ക്കത്ത നിരയില്‍ ഉണ്ടാവുക തന്നെ ചെയ്യുമെന്ന് വെങ്കി പറഞ്ഞു. പരിക്കേറ്റു വിശ്രമിക്കുകയായിരുന്ന ഓസ്‌ട്രേലിയയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ ക്രിസ് ലിന്നും ഐപിഎല്ലില്‍ തുടക്കം മുതല്‍ ടീമിലുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു. കൊല്‍ക്കത്ത ടീമിന്റെ പുതിയ ജഴ്‌സി പുറത്തിറക്കുന്ന ചടങ്ങില്‍ വച്ചാണ് വെങ്കി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.മുന്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്റെ നേട്ടങ്ങളെ ടീമിന്റെ പുതിയ നായകനായ ദിനേഷ് കാര്‍ത്തിക് വാനോളം പ്രശംസിച്ചു. കെകെആറിനൊപ്പം ഗംഭീര്‍ അവിസ്മരണീയ നേട്ടങ്ങളാണ് കൊയ്തിട്ടുള്ളത്. ക്യാപ്റ്റനെന്ന നിലയില്‍ ടീം മാനേജ്‌മെന്റ് തന്നില്‍ നിന്നും അതുപോലെയുള്ള പ്രകടനങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഇതു തീര്‍ച്ചയായും സമ്മര്‍ദ്ദമുണ്ടാങ്കുമെങ്കിലും അതിജീവിക്കാനുള്ള ശേഷി തനിക്കുണ്ട്. ടീമില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തുകൊണ്ടുവരാനും തനിക്കു സാധിക്കുമെന്ന് കാര്‍ത്തിക് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

0 comments:

Post a Comment