സ്മിത്തിന്റെയും ബാന്‍ക്രോഫ്റ്റിനെയും വഴിയെ



മെല്‍ബണ്‍: പന്ത് ചുരണ്ടല്‍ സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ചുമത്തിയ വിലക്കിനെതിരേ അപ്പീല്‍ നല്‍കില്ലെന്ന് ഓസ്‌ട്രേലിയയുടെ മുന്‍ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ ഡേവിഡ് വാര്‍ണര്‍ വ്യക്തമാക്കി. നേരത്തേ ഓസീസിന്റെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, ഓപ്പണറായിരുന്ന കാമറണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരും വിലക്കിനെതിരേ അപ്പീല്‍ പോവില്ലെന്നു അറിയിച്ചിരുന്നു. സ്മിത്തിനെയും വാര്‍ണറെയും ഒരു വര്‍ഷത്തേക്കും ബാന്‍ക്രോഫ്റ്റിനെ ഒമ്പതു മാസത്തേക്കുമാണ് വിലക്കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കേപ്ടൗണില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെയാണ് സ്മിത്ത്, വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നിവര്‍ ചേര്‍ന്നു പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചത്. ഈ ഗൂഡാലോചനയ്ക്കു പിന്നില്‍ വാര്‍ണറാണെന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.തനിക്കെതിരേ ക്രിക്കറ്റ് ഓസ്‌ട്രേലിയ ചുമത്തിയ ശിക്ഷ അംഗീരിക്കുന്നതായി ട്വിറ്ററിലാണ് വാര്‍ണര്‍ കുറിച്ചത്. സ്വന്തം പ്രവര്‍ത്തിയില്‍ അതിയായ ഖേദമുണ്ട്. നല്ലൊരു വ്യക്തിയും ടീമംഗവും റോള്‍ മോഡലുായാണ് ഇനി തന്റെ ശ്രമമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.പന്ത് ചുരണ്ടല്‍ സംഭവത്തില്‍ കുറ്റക്കാരനെന്നു തെളിഞ്ഞതിനാല്‍ വാര്‍ണറെ ഇനിയൊരിക്കലും ഓസ്‌ട്രേലിയന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പരിഗണിക്കില്ലെന്നും ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു. പന്ത് ചുരണ്ടല്‍ മാത്രമല്ല ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിലും വാര്‍ണര്‍ വിവാദത്തില്‍ കുടുങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡികോക്കുമായി ഡ്രസിങ് റൂമില്‍ നിന്നും വാഗ്വാദത്തിലേര്‍പ്പെടുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതാണ് അദ്ദേഹത്തെ കുടുക്കിയത്. ഈ സംഭവത്തെ തുടര്‍ന്നു മാച്ച് ഫീയുടെ 75 ശതമാനം വാര്‍ണര്‍ക്കു പിഴ ചുമത്തിയിരുന്നു.

0 comments:

Post a Comment