ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിലേക്കുള്ള ചെന്നൈ സൂപ്പർ കിങ്സിന്റെ തിരിച്ചുവരവിൽ വികാരാധീനനായി ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. ഞങ്ങൾ തിരിച്ചുവന്നിരിക്കുന്നു, ഒരു മുഴുവൻ ടീമായിത്തന്നെ ഞങ്ങൾ തിരിച്ചുവന്നിരിക്കുന്നു. എല്ലാ കാര്യങ്ങളെയും മുഖത്തു ചിരിയോടെ നേരിടുകയെന്നതാണ് ഏറ്റവും പ്രധാനം. എന്നാല്‍ അടുത്തതെന്താണെന്നതാണു ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ടത്. ടീമിന്റെ സ്പോണ്‍സർമാർക്കെല്ലാം നന്ദി അറിയിക്കുന്നു– ചെന്നൈയുടെ മഞ്ഞ ജേഴ്സി അണിഞ്ഞു ധോണി പറഞ്ഞു. 42 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയാണു ട്വിറ്ററിൽ പ്രചരിക്കുന്നത്. ചെന്നൈ സൂപ്പർ കിങ്സിലെ ധോണിയുടെ സഹതാരമായിരുന്ന സുരേഷ് റെയ്നയും ദൃശ്യങ്ങളിലുണ്ട്. സംസാരിക്കാൻ കഴിയാതിരുന്ന ധോണിക്ക് റെയ്ന വെള്ളം കൈമാറുന്നുണ്ട്. ഒത്തുകളി വിവാദത്തിലാണു ചെന്നൈ സൂപ്പർ കിങ്സിന് ഐപിഎല്ലിൽ വിലക്ക് നേരിടേണ്ടിവന്നത്. ടീം തിരിച്ചുവന്നപ്പോൾ ക്യാപ്റ്റനായി ധോണിയെ തന്നെ മാനേജ്മെന്റ് നിയമിക്കുകയായിരുന്നു. സഹ പരിശീലകൻ മൈക് ഹസിയുെടയും ബോളിങ് പരിശീലകൻ ലക്ഷ്മിപതി ബാലാജിയുടെയും കീഴിൽ മുഴുനീള പരിശീലനത്തിലാണു ചെന്നൈ ടീമംഗങ്ങൾ ഇപ്പോഴുള്ളത്. റെയ്ന, ജഡേജ, അംബട്ടി റായുഡു എന്നിവരും ചെന്നൈ ടീമിലേക്കു തിരിച്ചെത്തി. 15 കോടി രൂപയാണ് എം.എസ്. ധോണിക്കു ലഭിക്കുക. എട്ടു സീസണുകളിൽ ധോണിയായിരുന്നു ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ. വിലക്കു വന്നതിനെ തുടർന്നു ധോണി പിന്നീടു പുണെ ടീമിലേക്കു കൂടുമാറി. 2010ലും 2011ലും ഐപിഎൽ ചാംപ്യൻമാരായിരുന്നു ചെന്നൈ. നാലുതവണ രണ്ടാം സ്ഥാനത്തെത്തി. പുതിയ സീസണിലെ ചെന്നൈ ടീം – ധോണി, സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, ഫാഫ് ഡുപ്ലേസി, ഹർഭജൻ സിങ്, ഡ്വെയിൻ ബ്രാവോ, ഷെയ്ൻ വാട്സൻ, കേദാർ ജാദവ്, അംബട്ടി റായിഡു, ഇമ്രാൻ താഹിർ, കരൺ ശർമ, കെ.എം. ആസിഫ്, ലുങ്കിസാനി എൻഗിഡി, ധ്രുവ് ഷോറെ, കനീഷ് സേഥ്, ദീപക് ചാഹർ, മിച്ചൽ സാന്റ്നർ, ജഗദീഷൻ നാരായൺ, ഷാർദുൽ താക്കൂർ, ചൈതന്യ ബിഷ്ണോയ്, മോനു സിങ്, സാം ബില്ലിങ്സ്, മുരളി വിജയ്, മാർക്ക് വുഡ്, കിഷീത‌്സ് ശർമ.

0 comments:
Post a Comment