സ്മിത്ത് യുഗത്തിനു ശേഷം



ജൊഹാന്നസ്ബര്‍ഗ്: പന്ത് ചുരണ്ടല്‍ വിവാദത്തിനു ശേഷം ആദ്യമായി കളത്തിലിറങ്ങിയ ഓസ്‌ട്രേലിയയുടെ തുടക്കം പാളി. നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. തകര്‍ന്ന മനസ്സുമായി ഇറങ്ങിയ കംഗാരുപ്പടയ്‌ക്കെതിരേ ഒന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക ആറു വിക്കറ്റിന് 313 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍ എയ്ഡന്‍ മര്‍ക്രാമിന്റെ (152) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയെ ശക്തമായ സ്‌കോറിലെത്തിച്ചത്.216 പന്തുകളില്‍ 17 ബൗണ്ടറികളും ഒരു സിക്‌സറുമടങ്ങിയതായിരുന്നു മര്‍ക്രാമിന്റെ ഇന്നിങ്‌സ്. മര്‍ക്രാമിനെകൂടാതെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ എബി ഡിവില്ലിയേഴ്‌സും (69) ആതിഥേയ ബാറ്റിങ് നിരയില്‍ കസറി. 119 പന്തുകള്‍ നേരിട്ട എബിഡിയുടെ ഇന്നിങ്‌സില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമുണ്ടായിരുന്നു. ഹാഷിം അംല (27), ടെംബ ബവുമ (25*), ഡീന്‍ എല്‍ഗര്‍ (19) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. ഓസീസിനായി പാറ്റ് കമ്മിന്‍സ് മൂന്നും അരങ്ങേറ്റക്കാരന്‍ ചാഡ് സയേഴ്‌സ് രണ്ടും വിക്കറ്റ് വീഴ്ത്തി.പന്ത് ചുരണ്ടല്‍ സംഭവത്തില്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, ഓപ്പണര്‍ കാമറണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരെ വിലക്കിയ ശേഷം ഓസ്‌ട്രേലിയ ആദ്യമായി കളിച്ച മല്‍സരം കൂടിയാണിത്. സ്മിത്തിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ ടിം പെയ്‌നാണ് ടീമിനെ നയിച്ചത്. വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്കു പകരം ജോ ബേണ്‍സ്, മാറ്റ് റെന്‍ഷോ എന്നിവരും ഓസ്‌ട്രേലിയയുടെ പ്ലെയിങ് ഇലവനിലെത്തി.

0 comments:

Post a Comment