നിര്‍ണ്ണായക നീക്കവുമായി ഓസീസ് കളിക്കാരുടെ സംഘടന



സിഡ്നി: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്കേര്‍പ്പെടുത്തിയ നായകന്‍ സ്റ്റീവ് സ്മിത്ത്, ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍, ഓപ്പണര്‍ ബന്‍ക്രോഫ്റ്റ് എന്നിവര്‍ക്കായി ശബ്ദമുയര്‍ ഓസ്‌ട്രേലിയന്‍ കളിക്കാരുടെ സംഘടന. ശിക്ഷിക്കപ്പെട്ട താരങ്ങളുടെ വിലക്ക് കുറക്കണമെന്ന് പരസ്യമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റേര്‍സ് അസോസിയേഷന്‍.  വിലക്ക് അതിരുകടന്നെന്നും അച്ചടക്ക നടപടിയുടെ ദൈര്‍ഘ്യം കുറയ്ക്കണമെന്നും ഓസ്ട്രേലിയന്‍ ക്രിക്കറ്റേര്‍സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നു.  താരങ്ങള്‍ക്കെതിരായ നടപടി അനുചിതമല്ലെന്നും വിലക്ക് കുറയ്ക്കണമെന്നും എസിഎ പ്രസിഡന്റ് ഗ്രെഗ് ഡയര്‍ പറയുന്നു. നടപടിയെടുക്കുന്നതില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ തിടുക്കം കാട്ടി. സംഭവത്തില്‍ മൂവരും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തെറ്റ് ഏറ്റുപറഞ്ഞ് പൊട്ടിക്കരഞ്ഞിരുന്നു. സ്മിത്തിനൊപ്പം രാജ്യം കരഞ്ഞിരിക്കും എന്നാണ് കരുതുന്നതെന്നും ഗ്രെഗ് ഡയര്‍ പറഞ്ഞു.  അതെസമയം വിലക്കിനെതിരെ അപ്പീല്‍ നല്‍കില്ലെന്ന് സ്റ്റീവ് സ്മിത്ത് വ്യക്തമാക്കി. കുറ്റം താന്‍ ഏറ്റെടുത്തതാണെന്നും ശിക്ഷ അംഗീകരിക്കുന്നതായും സ്മിത്ത് അറിയിച്ചു.  വാര്‍ണര്‍ക്കും 12 മാസം വിലക്കും ബന്‍ക്രോഫ്റ്റിന് ഒമ്പത് മാസം വിലക്കുമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വിധിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കേപ്ടൗണില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെയായിരുന്നു വിവാദ സംഭവം അരങ്ങേറിയത്.  സംഭവം ശ്രദ്ധയില്‍പെട്ടതോടെ സ്മിത്തിനെ ഒരു മത്സരത്തില്‍ നിന്ന് വിലക്കുക മാത്രമാണ് ഐസിസി ചെയ്തത്. മറ്റ് രണ്ട് പേര്‍ക്കുമെതിരെ നടപടികളൊന്നും ഐസിസി സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ആരോപണത്തെ തുടര്‍ന്ന് സ്മിത്തും വാര്‍ണറും തങ്ങളുടെ സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു. അതേസമയം രാജ്യത്തിന് നാണക്കേടുണ്ടായ സംഭവത്തില്‍ താരങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികളുമായി ക്രിക്കറ്റ് ഓസ്ട്രേലിയ രംഗത്തെത്തുകയായിരുന്നു

0 comments:

Post a Comment